കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ച് ഭാര്യ കെ മഞ്ജുഷ . ഹർജി 23-ന് കോടതി പരിഗണിക്കും. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ, ഭാവിയിൽ കേസ് അന്വേഷണം വേറെ ഏതെങ്കിലും ഏജൻസിയെ ഏൽപിക്കുകയാണെങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കളക്ടറേറ്റ്, മുനീശ്വരൻകോവിൽ, റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാറ്റ്ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ, കേസിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തൻ എന്നിവരുടെ ഒക്ടോബർ ഒന്നുമുതൽ 15 വരെയുള്ള മൊബൈൽഫോൺ വിളികളുടെ വിശദാംശങ്ങൾ, ഫോണിന്റെ ടവർ ലൊക്കേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ സംരക്ഷിക്കാൻ നിർദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിലെ വിളികളുടെ രേഖകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നവീൻ ബാബു മരിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നും ചെയ്യുന്നില്ലെന്നും പി.എം. സജിത മുഖേന നൽകിയ ഹർജിയിൽ കുറ്റപ്പെടുത്തുന്നു.