തൃശൂര്‍: ഇനിയും ഒരുമിച്ച് ഡാന്‍സ് ചെയ്യുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകിയും നവീനും വീണ്ടും ആടിത്തിമര്‍ത്തു. ഒരു മതവിദ്വേഷ പ്രചരണത്തിനു അവരുടെ നൃത്തബോധത്തെ ഇല്ലാതാക്കാനായില്ല. കോളേജ് വരാന്തയില്‍ അവര്‍ വീണ്ടും നൃത്തം ചെയ്തു.
ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ. റസാഖും തങ്ങളുടെ രണ്ടാമത്തെ കിടു പെര്‍ഫോമെന്‍സ് നടത്തിയത് സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ്.
മോഹന്‍ലാലിന്റെ ആറാം തമ്പുരാനിലെ പാട്ടിന്റെ റീമിക്‌സ് വേര്‍ഷന് ചുവടുവെച്ച് രണ്ടുപേരും വീണ്ടും കൈയ്യടി നേടുമ്പോള്‍ ഇവരുടെ രണ്ടു ഡാന്‍സ് പ്രകടനങ്ങളും കാണാന്‍ നിരവധി പേരാണ് അനുനിമിഷം സോഷ്യല്‍മീഡിയ തെരയുന്നത്. ടിവി ചാനലിന് നല്‍കിയ ഇരുവരും അവരുടെ നിലപാടുകളും വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും വളരെ കുറച്ചുപേര്‍ മാത്രമാണ് നെഗറ്റീവ് കമന്റുകളുമായി എത്തിയതെന്നും ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പം തങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അവര്‍ പ്രതികരിച്ചു. ഇനിയും ഡാന്‍സ് വീഡിയോകള്‍ ചെയ്യും. ഞങ്ങള്‍ സൈബര്‍ ആക്രമണങ്ങളുടെ പിന്നാലെ പോകുന്നില്ല.
അത് അതിന്റെ വഴിക്ക് നീങ്ങട്ടെ. പറയേണ്ടവരൊക്കെ എന്തെങ്കിലും പറയട്ടെ. ഞങ്ങള്‍ക്ക് അതില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങള്‍ വിദ്യാര്‍ഥികളാണ്. അത് നെഗറ്റീവായി ചിത്രീകരിക്കാന്‍ തോന്നുവര്‍ക്ക് അങ്ങിനെ ചെയ്യാം. അതൊന്നും ഞങ്ങളെ ബാധിക്കില്ല നവീനും ജാനകിയും ഒരുമിച്ചു പറഞ്ഞു.
ഞങ്ങള്‍ ഒന്നിച്ചാണ് പഠിക്കുന്നതും ക്ലാസില്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആ ഞങ്ങള്‍ ഒരു ഡാന്‍സ് ചെയ്തു. എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശിച്ചത്. അതിനെ അങ്ങനെ കാണണമെന്നും നവീന്‍ ആവശ്യപ്പെട്ടു. ഐഎംഎയും കോളജ് യൂണിയനുമൊക്കെ വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.