ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; അജിത് കുമാറിന്റെ നടപടി ചെന്നിത്തല തീരുമാനിക്കും

‘രക്ഷാപ്രവർത്തന’ കേസിൽ മുൻമുഖ്യമന്ത്രിയുടെ അംഗരക്ഷകരടക്കം അഞ്ചുപേർ പ്രതികൾ; SIT റിപ്പോർട്ട് കോടതിയിൽ

തിരുവനന്തപുരം : നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായക റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ഇതോടെ, സര്‍വ്വാധികാരിയായിരുന്ന എഡിജിപിക്കെതിരായ അച്ചടക്ക നടപടിയുടെ കാര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകമാകും.

ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് ഡയറിയിലെ പോരായ്മകളെക്കുറിച്ച് കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ അതിവേഗ നീക്കം. മുന്‍പ് ഈ കേസ് അട്ടിമറിക്കാനും കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്താനും എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഉന്നത പദവി ദുരുപയോഗം ചെയ്‌തെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. അന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായിരുന്ന ചൈത്ര തെരേസ ജോണ്‍ നല്‍കിയ സുരക്ഷാ വീഴ്ചാ റിപ്പോര്‍ട്ട് പൂഴ്ത്തിയതും അജിത് കുമാറിന് മേലുള്ള കുരുക്ക് മുറുക്കുന്നു.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടാണ് ഡിജിപി ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കുന്നത്. കള്ളരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കുന്നതും സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് കടക്കുന്നതും സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനമെടുക്കും. ജൂലൈയില്‍ ഡിജിപി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട അജിത് കുമാറിന് പുതിയ നീക്കങ്ങള്‍ കരിയറില്‍ വലിയ തിരിച്ചടിയാകും.

മുന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ഗുണ്ടകളും നടത്തിയ അക്രമത്തെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് ന്യായീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനയിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ തന്നെയുള്ള കര്‍ശന നീക്കം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

In a major development in the Navakerala Sadas assault case, five security officials, including former Chief Minister’s gunman Anilkumar, have been suspended. The State Police Chief will today submit the Special Investigation Team’s crucial report to Home Minister Ramesh Chennithala regarding ADGP M.R. Ajith Kumar’s alleged attempts to sabotage the case. With the report implicating the high-ranking officer in file tampering, the Home Minister’s upcoming decision on disciplinary action against the ADGP remains critical.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News