തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഔദ്യോഗിക സമാപനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത് ഔദ്യോഗിക വാഹനങ്ങളിൽ. 36 ദിവസം യാത്രയ്ക്കുപയോഗിച്ച നവകേരള ബസ് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. മന്ത്രിമാരെല്ലാം കാറുകളിലാണ് വട്ടിയൂർക്കാവിലെ വേദിയിൽനിന്ന് മടങ്ങിയത്.
കാനം രാജേന്ദ്രൻ മരിച്ചതിനെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പ്രചാരണം ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് നടക്കുന്നത്. അതിനുശേഷമാവും നവകേരള ബസ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറുക.
നവകേരള സദസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ബസ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനായി ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയ ബസ് ആഡംബര വാഹനമാണെന്നാണ് ആദ്യമുയര്‍ന്ന ആരോപണം. ബസ്സില്‍ മുഖ്യമന്ത്രിക്ക് ഇരിക്കാനായി 180 ഡിഗ്രിയില്‍ കറങ്ങുന്ന കസേര സജ്ജമാക്കിയതും ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയതും വാര്‍ത്തയായിരുന്നു.
കോണ്‍ട്രാക്ട് ക്യാരേജ് ആണെങ്കിലും നിലവിലെ വെള്ളനിറം നവകേരള ബസ്സിന് ബാധകമായിരുന്നില്ല. നിര്‍ത്തിയിടുമ്പോള്‍ പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ.സി. പ്രവര്‍ത്തിപ്പിക്കാനും കോഫി, ടീ മേക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍ ബസ്സിലുണ്ട്. ഭാവിയില്‍ വി.വി.ഐ.പി. യാത്രകള്‍ക്കുകൂടി വേണ്ടിയാണ് ഭാരത് ബെന്‍സിന്റെ 12 മീറ്റര്‍ ഷാസിയില്‍ ബസ് നിര്‍മിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ ടൂര്‍ ആവശ്യത്തിനും ബസ് ഉപയോഗിക്കാം.
വി.വി.ഐ.പി. പരിരക്ഷ നല്‍കുന്നതോടെ നിലവിലെ നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി ബയോ ടോയ്ലറ്റ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ബസ്സില്‍ ഒരുക്കാന്‍ കഴിഞ്ഞു. സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നവകേരള ബസ്സിന് അനുമതി നല്‍കിയിരുന്നു.