ബ്രസ്സല്‍സ്: ഇറാന്‍ യുദ്ധത്തില്‍ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ സ്‌പെയിനിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അമേരിക്കന്‍ നീക്കത്തിന് തിരിച്ചടി. നാറ്റോയുടെ (ചഅഠഛ) സ്ഥാപക ഉടമ്പടിയില്‍ ഒരു അംഗരാജ്യത്തെ പുറത്താക്കാനോ സസ്‌പെന്‍ഡ് ചെയ്യാനോ ഉള്ള യാതൊരു വ്യവസ്ഥയുമില്ലെന്ന് സഖ്യ വക്താക്കള്‍ വ്യക്തമാക്കി. അമേരിക്കയുടെ പെന്റഗണില്‍ നിന്ന് ചോര്‍ന്ന ഒരു രഹസ്യ ഇമെയിലിനെ ആസ്പദമാക്കി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. വാഷിംഗ്ടണിന്റെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാത്ത രാജ്യങ്ങളെ ‘ശിക്ഷിക്കണം’ എന്നതായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.
ഫെബ്രുവരി 28-ന് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ വ്യോമതാവളങ്ങള്‍ വിട്ടുനല്‍കാന്‍ സ്‌പെയിന്‍ വിസമ്മതിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. സ്‌പെയിനിനെ പുറത്താക്കുന്നതിന് പുറമെ, ബ്രിട്ടന്റെ അധീനതയിലുള്ള ഫാക്ലന്‍ഡ് ദ്വീപിന്മേലുള്ള നയതന്ത്ര നിലപാട് പുനഃപരിശോധിക്കാനും അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കി.
തങ്ങള്‍ ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് മാത്രമേ സഖ്യകക്ഷികളുമായി സഹകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സംരക്ഷണം സൗജന്യമായി അനുഭവിക്കുന്ന രാജ്യങ്ങള്‍ തങ്ങളെ സഹായിക്കാന്‍ എത്തുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിന്റെ ആവശ്യം യൂറോപ്പിനാണെന്നും അവര്‍ യുദ്ധത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോ ഒരു ‘വണ്‍വേ സ്ട്രീറ്റ്’ ആയി മാറിയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം വിമര്‍ശിച്ചിരുന്നു. അമേരിക്ക എല്ലാവരെയും സംരക്ഷിക്കുന്നുണ്ടെങ്കിലും തിരിച്ച് ആരും സഹായിക്കുന്നില്ലെന്നതാണ് ട്രംപിന്റെ പരാതി. നാറ്റോ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെങ്കിലും ഇറ്റലിയും ജര്‍മ്മനിയും സ്‌പെയിനിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്‌പെയിനിന്റെ അംഗത്വം ചോദ്യം ചെയ്യപ്പെടേണ്ടതല്ലെന്ന് ജര്‍മ്മന്‍ വക്താവ് വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടില്ല. ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ലണ്ടന്റെ ഔദ്യോഗിക നിലപാട്. അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം സുഗമമാക്കാന്‍ വെടിനിര്‍ത്തലിന് ശേഷം സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടനും ഫ്രാന്‍സും അറിയിച്ചിട്ടുണ്ട്.
സഖ്യകക്ഷികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഓര്‍മ്മിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം മുറുകുമ്പോഴും നാറ്റോയില്‍ നിന്ന് പുറത്തുപോകാമെന്നോ താവളങ്ങള്‍ അടച്ചുപൂട്ടാമെന്നോ ഉള്ള നിര്‍ദ്ദേശം അമേരിക്ക ഇതുവരെ ഔദ്യോഗികമായി മുന്നോട്ട് വെച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.


