ദേശീയ പാതയിലെ കവര്‍ച്ച,വാദി പ്രതിയായേക്കും,ക്വൊട്ടേഷന്‍ കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റ് ഇങ്ങനെ
കല്‍പ്പറ്റ : ദേശീയപാതയിലെ കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ്. ദേശീയപാതയില്‍ ക്വട്ടേഷന്‍ സംഘം വയനാട് സ്വദേശികളെ ആക്രമിച്ച് പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെന്നാരോപിച്ച കേസില്‍ വന്‍ വഴിത്തിരിവ് നഷ്ടപ്പെട്ടെന്നു പറഞ്ഞ പണം ആക്രമിക്കപ്പെട്ട കാറിനുള്ളില്‍നിന്നുതന്നെ അന്വേഷണസംഘം കണ്ടെത്തി. പരാതിക്കാര്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. കണ്ടെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പരാതിക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വയനാട് വെങ്ങപ്പള്ളി സ്വദേശികളായ മുഹമ്മദ് ജഷ്ബിറും ജറീഷും മൈസൂരില്‍നിന്നും സ്വര്‍ണം വിറ്റുകിട്ടിയ 14.98 ലക്ഷം രൂപയുമായി നാട്ടിലേക്ക് മടങ്ങവേ മീനങ്ങാടിയില്‍ വച്ച് ആക്രമിക്കപ്പെട്ടതായി പരാതി ഉയര്‍ന്നത്. ദേശീയപാതയിലൂടെ പണവുമായി വരുന്നവരെ സ്ഥിരമായി ആക്രമിച്ച് പണം കവരുന്ന തൃശൂര്‍ ചാവക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 15 അംഗ ക്വട്ടേഷന്‍ സംഘം ഇവരെ ആക്രമിച്ചതായി ആയിരുന്നു പരാതി.
3 കോടി ഇവരുടെ കൈയിലുണ്ടെന്ന് മൈസൂരിലെ ഒറ്റുകാര്‍ സംഘത്തിന് നല്‍കിയ തെറ്റായ വിവരത്തെ തുടര്‍ന്നായിരുന്നു ആക്രമണം. കാറിലെ മാറ്റിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന പണം അക്രമികള്‍ തട്ടിയെടുത്തെന്ന യുവാക്കളുടെ പരാതിയില്‍ മീനങ്ങാടി പോലീസ് അന്വേഷണമാരംഭിച്ചു.
വൈത്തിരിയില്‍വച്ച് സംഘത്തിലെ 14 പേരെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പക്ഷേ പ്രതികളെ നിരവധി തവണ ചോദ്യം ചെയ്തിട്ടും തങ്ങള്‍ക്ക് വാഹനത്തിനുള്ളില്‍നിന്നും പണമൊന്നും ലഭിച്ചില്ലെന്നാണ് പറഞ്ഞത്. തുടര്‍ന്ന് സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വര്‍ക് ഷോപ്പ് തൊഴിലാളിയെകൊണ്ട് വാഹനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ എസി വെന്റിനുള്ളില്‍ ഒളിപ്പിച്ചു വച്ച മുഴുവന്‍ പണവും കണ്ടെത്തിയത്. ഇതോടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പരാതിക്കാര്‍ ശ്രമിച്ചെന്ന സംശയം ബലപ്പെട്ടു.
ഈ പണം എവിടുന്ന് ലഭിച്ചുവെന്നതടക്കം കൂടുതല്‍ വിവരങ്ങളും രേഖകളും ഹാജരാക്കാന്‍ പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ പരാതിക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് മീനങ്ങാടി പോലീസ് അറിയിച്ചു. പിടിയിലായ അക്രമി സംഘത്തിലെ 14 പേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.