KeralaNews

Muslim League : ‘പള്ളികളിൽ സർക്കാരിനെതിരെ പ്രചാരണം നടത്തണം’ മുസ്ലീം ലീഗ് ആഹ്വാനത്തിനെതിരെ നാഷണൽ യൂത്ത് ലീഗ്,ഡിജിപിക്ക് പരാതി നൽകി

മലപ്പുറം: മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച സർക്കാരിനും മറ്റുമെതിരെ രാഷ്ട്രീയ പ്രചാരണം നടത്താൻ ആഹ്വാനം നൽകിയ മുസ്ലിം ലീഗ് (IUML- Muslim League) നേതാക്കൾക്കെതിരെ നാഷണൽ യൂത്ത് ലീഗ് (National Youth League) രംഗത്ത്. ഇത്തരം ആഹ്വാനം നൽകിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമടക്കമുളളവ‍ർക്കെതിരെ (PMA Salam) കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീർ പയ്യനങ്ങാടി (Adv: Shamir Payyanangadi) ഡിജിപിക്ക് (DGP) പരാതി നൽകി. പള്ളികൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ വർഗീയ പ്രകോപന പ്രചരണം നടത്തിയാൽ നാഷണൽ യൂത്ത് ലീഗ് വിശ്വാസികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ മുസ്ലീം ലീഗ് നേതാക്കളുടെ (Muslim League Leders)ആഹ്വാനത്തിനെതിരെ സിപിഎമ്മും കെടി ജലീൽ എംഎൽഎയും (KT Jaleel) ഐഎൻഎലും (INL) രംഗത്തെത്തിയിരുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് സർക്കാർ വിരുദ്ധ പ്രചാരണത്തിന് ആഹ്വാനം നൽകിയത് അത്യന്തം അപകടകരമാണെന്നും, പള്ളികൾ രാഷ്ട്രീയപ്രതിഷേധത്തിനുള്ള വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് (CPM State Secretariat) പത്രക്കുറിപ്പിലൂടെ പറഞ്ഞു. ലീഗിന്‍റെ ലക്ഷ്യം വർഗീയചേരിതിരിവിനാണ്. മതധ്രുവീകരണത്തിനും വർഗീയചേരിതിരിവിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും, സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകുമെന്നും സിപിഎം പറയുന്നു. ലീഗ് നടപ്പാക്കുന്നത് സംഘപരിവാറിന്‍റെ ഉത്തരേന്ത്യൻ മാതൃകയാണെന്നും സിപിഎം അഭിപ്രായപ്പെട്ടു.

സർക്കാരിനെതിരെ പള്ളികളിൽ പ്രചരണം നടത്താനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നാണ് കെ ടി. ജലീൽ ആവശ്യപ്പെട്ടത്. ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ല. മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ (Hyderali Shihab Thangal) ഇടപെട്ട് പിൻവലിപ്പിക്കണം. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സ‍ർക്കാർ വിരുദ്ധ പ്രചരണം നടത്തും. മുസ്ലീം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടരി പി എം എ സലാമിന്‍റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് (AP Abdul Wahab) പറഞ്ഞു. ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ അവിവേകത്തിൽ നിന്നു് മുസ്ലിം ലീഗ് പിന്തിരിയണമെന്നും അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം നേരത്തെ പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുസ്ലീം സമുദായത്തിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവദികളായ ഇടതുപക്ഷ സർക്കാരിന്‍റെ നടപടികൾ സമുദായത്തെ ബോധിപ്പിക്കും. ഇതിനായി വെള്ളിയാഴ്ചത്തെ ജുമഅ പ്രാർഥനയോടൊപ്പം ഇതിനെതിരെയുള്ള ബോധവത്കരണം നടത്തുമെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button