തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകള്‍, ദേശീയതൊഴിലാളി ഫെഡറേഷന്‍ എന്നിവ ചേര്‍ന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി തുടങ്ങും. വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് 24 മണിക്കൂര്‍ പണിമുടക്ക്.
പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
തൊഴിലുകൾ നിർത്തിവച്ചും കടകമ്പോളങ്ങൾ അടച്ചും യാത്രകൾ ഒഴിവാക്കിയും വാഹനങ്ങൾ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകർക്ക് പുറമെ കേന്ദ്ര – സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ – യുവജന – വിദ്യാർഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകൾക്ക് ട്രേഡ് യൂണിയനുകൾ നോട്ടീസ് നൽകിയിട്ടുണ്ട്.
ബുധൻ അർധരാത്രി 12ന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം രാത്രി പന്ത്രണ്ടുവരെ തുടരും. പണിമുടക്കിൻ്റെ ഭാഗമായി രാജ്യമെമ്പാടും ആയിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും. സംസ്ഥാനത്ത് അഞ്ഞൂറ് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും റാലികളും സംഘടിപ്പിക്കും. തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നതിനു പുറമെ, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉയർത്തിയിട്ടുണ്ട്.
ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ, ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം എന്നീ വിഷയങ്ങളും തൊഴിലാളികൾ ഉയർത്തിയിട്ടുണ്ട്. ജനദ്രോഹ കേന്ദ്രബജറ്റിനും ഇന്ത്യ – യുഎസ് വ്യാപാര കരാറിനും എതിരെ പണിമുടക്കിൽ ജനവികാരമുയരുമെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു.
ഇന്ത്യയിലെ പോരാട്ടങ്ങളുടെ പുതുയുഗമാണ് വ്യാഴാഴ്‌ചത്തെ ദേശീയ പൊതുപണിമുടക്കിലൂടെ പിറക്കുകയെന്ന് സി ഐ ടി യു വൈസ് പ്രസിഡൻ്റ് തപൻ സെൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പണിമുടക്കുണ്ടാകുമെന്നും എ ഐ ടി യു സി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു.
A 24-hour national strike called by 10 central trade unions and the National Workers’ Federation will begin at midnight on Wednesday. The strike, organized to protest the central government’s alleged anti-worker policies, will continue until midnight on Thursday.


