തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരായി സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. സംസ്ഥാനത്താകെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതുഗതാഗത സർവ്വീസുകളും നിശ്ചലമായിരുന്നു. പണിമുടക്ക് പൊതുവിൽ സമാധാനപരമായിട്ടാണ് മുന്നോട്ട് പോകുന്നത്.
എല്ലാ തൊഴിൽ മേഖലയും നിശ്ചമായ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് അക്ഷരാർത്ഥത്തിൽ ഹർത്താലായി മാറുകയായിരുന്നു. ഐ.ടി മേഖലയുടെ കൂടി പിന്തുണയോടെയായിരുന്നു പണിമുടക്ക്. മിക്കവരും വർക് ഫ്രം ഹോം സംവിധാനത്തിലായതിനാൽ ഐ.ടി മേഖലയുടെ പ്രവർത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കൊച്ചിയിൽ സെസ് മേഖലയിലടക്കം ജീവനക്കാരുടെ എണ്ണം കുറഞ്ഞു. മറ്റിടങ്ങളിൽ നിന്നെത്തി കൊച്ചി നഗരത്തിൽ കുടുങ്ങിയവരെ പൊലീസ് പിന്നീട് വീടുകളിലെത്തിച്ചു. പണിമുടക്ക് വൻ വിജയമായിരിന്നുവെന്ന് യൂണിയൻ നേതാക്കൾ അവകാശപ്പെട്ടു.