ന്യൂഡല്‍ഹി: രണ്ടാം തരംഗത്തിലെ കൊവിഡ് മരണ നിരക്ക് ഔദ്യോഗിക കണക്കുകളേക്കാള്‍ ഉയര്‍ന്നേക്കാമെന്ന സൂചന നല്‍കി ദേശീയ ആരോഗ്യ മിഷന്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്ത് എട്ട് ലക്ഷം മരണം നടന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയിലെ കണക്കിനേക്കാള്‍ 3 ലക്ഷം അധികം മരണങ്ങളാണ് 2021 മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത് മെയിലെ ഔദ്യോഗിക കണക്കിനേക്കാള്‍ 2.3 മടങ്ങ് കൂടുതലാണ്. കൂടാതെ ഗ്രാമങ്ങളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെട്ടവരുടെ കണക്കും ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. പരിശോധിക്കാത്ത ഈ മരണങ്ങള്‍ കൊവിഡ് മരണങ്ങളായേക്കാനും സാധ്യതയുണ്ട്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തില്‍ നിന്ന് നേരിയ കുറവ് രേഖപ്പെടുത്തിയപ്പോള്‍ മരണസംഖ്യ വീണ്ടും വര്‍ധിച്ചു. ദിവസങ്ങള്‍ക്ക് ശേഷം മരണം ആയിരം കടന്നു. 1206 മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 700ലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. 4.55 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. 97.20 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നു.അതിനിടെ ത്രിപുരയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം 90 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.