കൊല്ലം: നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫറിന് റണ്ണറപ്പ് അവാര്‍ഡ് ലഭിച്ചു. കൊല്ലം സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഹരി കുമാറിനാണ് പത്താമത് വന്യജീവി വിഭാഗം ഫോട്ടോഗ്രാഫി മത്സരത്തില്‍ റണ്ണറപ്പ് അവാര്‍ഡ് ലഭിച്ചത്.
മിച്ചല്‍ ലൂയിസാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ദിമിത്രിയോസ് സഖറോപൗലോസിനും ഹരികുമാറിനും ഈ വിഭാഗത്തില്‍ റണ്ണറപ്പ് അവാര്‍ഡുകളുണ്ട്. നേരത്തെ റഷ്യയിലെ ‘അവാര്‍ഡ് 35’ എന്ന അന്താരാഷ്ട്രാ ഫോട്ടോഗ്രാഫി മത്സരത്തിലും ഹരികുമാര്‍ വിജയിയായിരുന്നു.
ഹരി കുമാര്‍ പകര്‍ത്തിയ, സ്‌കോട്ട്‌ലന്‍ഡിലെ അവീമോറിലെ ജലാശയത്തില്‍ നിന്ന് ഇരപിടിച്ച് പറന്നുയരുന്ന പരുന്തിന്റെ ചിത്രത്തിനാണ് റണ്ണറപ്പ് അവാര്‍ഡ് ലഭിച്ചത്. ഹരികുമാര്‍ സ്‌കോട്‌ലാന്റിലെ ഇന്ത്യന്‍ എംബസിയില്‍ ഐടി വിദഗ്ദമാണ്.
മിച്ചല്‍ ലൂയിസ് പകര്‍ത്തിയ ലണ്ടനിലെ റിച്ച്മണ്ട് പാര്‍ക്കിന് മുകളില്‍ സൂര്യാസ്തമയത്തിലെ വെളിച്ചത്തില്‍ നില്‍ക്കുന്ന മുയലിന്റെ ചിത്രത്തിനാണ് വന്യജീവി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. ദിമിത്രിയോസ് സഖറോപൗലോസ് പകര്‍ത്തിയ സറേയിലെ ആര്‍എച്ച്എസ് ഗാര്‍ഡന്‍ വിസ്‌ലിയില്‍ ഒരു പുഷ്പത്തില്‍ തേന്‍കുടിക്കുന്ന തേനീച്ചയുടെ ചിത്രത്തിനാണ് വന്യജീവി വിഭാഗത്തില്‍ മറ്റൊരുണ്ണറപ്പ്.
ക്ലാര ഡിപ് വാന്‍ ച്യൂങ്ങ് പകര്‍ത്തിയ സ്‌പെയിനിലെ വെലെസ് ഇ വെന്റില്‍ നിന്നുള്ള ഈ ചിത്രത്തിനാണ് നഗര പരിസ്ഥിതി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. വൈ മെംഗ് ചാന്റെ പകര്‍ത്തിയ ഇംഗ്ലണ്ടിലെ റെയിന്‍ഹാമിലെ സൂര്യാസ്തമയത്തിന്റെ അതിശയകരമായ ചിത്രം നഗര പരിസ്ഥിതി വിഭാഗത്തില്‍ റണ്ണറപ്പായി.
ജോണ്‍വാ പോള്‍ അക്കേഴ്‌സിന്റെ മ്യാന്‍മറിലെ ഡൗണ്‍ടൗണ്‍ യാങ്കോണിലെ ചാന്‍മയേ ഗസ്റ്റ് ഹൗസിന്റെ അഞ്ചാം നിലയില്‍ നിന്നുള്ള കാഴ്ചാ ചിത്രം നഗര പരിസ്ഥിതി വിഭാഗത്തില്‍ മറ്റൊരു റണ്ണറപ്പായി. നിക്ക് ക്രില്ലി-ഹാര്‍ഗ്രേവ് പകര്‍ത്തിയ മെക്സിക്കോയിലെ വെരാക്രൂസിലെ മത്സ്യം മുറിച്ച് വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന രണ്ട് പേരുടെ ചിത്രം ഭക്ഷണ, യാത്രാ വിഭാഗം ഒന്നാം സ്ഥാനം നേടി. ഇയാന്‍ ഡഗ്ലസ് സ്‌കോട്ട് പകര്‍ത്തിയ ഷാങ്ഹായിയിലെ യു ഗാര്‍ഡന്‍ ജില്ലയിലെ ഒരു റസ്റ്റോറന്റില്‍ പചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാചകക്കാരുടെ ചിത്രത്തിന് ഭക്ഷണ, യാത്രാ വിഭാഗത്തില്‍ റണ്ണറപ്പ് നേടി.
കരോലിന വിയര്‍സിഗ്രോച്ച് പകര്‍ത്തിയ പെറുവിയന്‍ സേക്രഡ് വാലിയുടെ ഹൃദയഭാഗത്തുള്ള ഒരു പട്ടണത്തില്‍ നിന്നുള്ള ചിത്രമാണിത്. പച്ചക്കറികള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നു. പെരുവിയയിലെ ഉരുബംബ മാര്‍ക്കറ്റില്‍ നിന്ന് പകര്‍ത്തിയ ഈ ചിത്രവും ഭക്ഷണ, യാത്രാ വിഭാഗത്തില്‍ റണ്ണറപ്പ് നേടി.