ന്യൂയോര്‍ക്ക്: ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തിയ സംഭവമാണ് അമേരിക്കയിലെ ഡെത്ത് വാലിയിലെ തനിയെ ചലിക്കുന്ന പാക്കല്ലുകള്‍. പഠനങ്ങള്‍ നടക്കുന്നതിനിടെ തന്നെ ഇതിനെ പറ്റി നിരവധി വ്യാജ കഥകളും പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഇതേ കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഡെത്ത് വാലിയിലെ റെയ്സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് കല്ലുകളുടെ ചലിക്കുന്നത്.
ഇത്തരത്തില്‍ കല്ലുകള്‍ സഞ്ചരിക്കുന്നതിന് പിന്നില്‍, മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്. അപ്പോള്‍ തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും.
പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിപോയാല്‍ ചലനം അവസാനിക്കുകയും ചെയ്യും. വീണ്ടും പഴയ അവസ്ഥ വരുമ്പോള്‍ കല്ലുകള്‍ ചലിക്കുകയും ചെയ്യുന്നതാണെന്നാണ് നാസ വ്യക്തമാക്കുന്നത്.
ഈ അദ്ഭുതപ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ തടാകം ഏതാണ്ട് പൂര്‍ണ്ണമായും സമനിരപ്പിലുള്ളതാണ്. വര്‍ഷങ്ങളോളം അദ്ഭുതവിഷയമായിരുന്നെങ്കിലും യഥാര്‍ഥ കാരണം ശാസ്ത്രം വിശദീകരിക്കുമ്പോള്‍ അദ്ഭുതമെല്ലാം ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്നും നാസ വ്യക്തമാക്കുന്നു.
വര്‍ഷങ്ങളെടുത്താണ് പല കല്ലുകളും സഞ്ചാരം പൂര്‍ത്തിയാക്കുന്നത്. ചലനത്തിനിടെ ചില കല്ലുകള്‍ കീഴ്മേല്‍ മറിയുകയും ചെയ്തിട്ടുണ്ട്. മിനിറ്റില്‍ അഞ്ച് മീറ്റര്‍ വരെ സഞ്ചരിച്ച കല്ലുകളെക്കുറിച്ചും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 36 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകളുടെ ചലനം വരെ ഇവിടെയുണ്ടായിട്ടുണ്ട്.