NationalNews

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും

വാഷിംഗ്ടൺ:കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, ഈ പ്രസംഗത്തിന് മോദി മറുപടി നൽകും.യുഎന്നിൽ മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെയാണ് ഇമ്രാൻ ഖാൻ യുഎന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. അഫ്ഗാൻ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഒരേ നിലപാടാണെന്ന് വ്യക്തമാകുന്നതായിരുന്നു പ്രതികരണം. അഫ്ഗാനിസ്ഥാൻ ഭീകരതാവളമാക്കരുതെന്ന നിർദ്ദേശം ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു. വാഷിംഗ്ടണിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു. വ്യാപാര ബന്ധം ശക്തിപ്പെടുത്തണമെന്ന് മോദി ബൈഡനോട് ആവശ്യപ്പെട്ടു. നൂറ് കോടി ഡോസ് വാക്സീൻ ഇന്ത്യയിൽ ഉത്പാദിക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി.

ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ചരിത്രത്തിൽ പുതിയ അദ്ധ്യായമെന്ന് ബൈഡൻ പറഞ്ഞപ്പോൾ ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് മോദിയും വ്യക്തമാക്കി. പരസ്പരവിശ്വാസം വളർത്താൻ മഹാത്മ ഗാന്ധിയുടെ ആദർശം പ്രേരണയെന്നും ഇന്ത്യൻ പ്രധാനമന്ത്രി ബൈഡനോട് പറഞ്ഞു. ക്വാഡ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button