ന്യൂഡൽഹി:ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച കോൺഗ്രസിനെതിരെ പ്രധാനമന്ത്രി. കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ലോക്സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മോദി മറുപടി പറഞ്ഞില്ലെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ചോദ്യങ്ങളിൽ വിശദമായ ഉത്തരങ്ങൾ അതത് മന്ത്രാലയങ്ങൾ നൽകിയിട്ടുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം ചില സമയങ്ങളിൽ താൻ തന്നെ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റിൽ നടക്കുന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ പ്രധാനമന്ത്രി താനും തന്റെ സർക്കാരും ആരേയും ആക്രമിക്കുന്നില്ലെന്നും ചർച്ചയിൽ വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
‘ആരെയെങ്കിലും അക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല. അത് എന്റെ സ്വഭാവത്തിലും ഇല്ല. എന്നാൽ യുക്തിയുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ മാധ്യമങ്ങൾ സഭയിലെ എന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചില വിവാദങ്ങൾ ഉണ്ടാക്കിയേക്കാം’.
ചോദ്യങ്ങൾക്ക് മറുപടി പറയാതെ കോൺഗ്രസിനെ കടന്നാക്രമിച്ചുവെന്ന ആരോപണത്തിനാണ് പ്രധാമന്ത്രിയുടെ ഈ മറുപടി.
#WATCH PM Modi hits back at Rahul Gandhi, says, “How do I reply to person who does not listen, skips Parliament?” pic.twitter.com/ImiU1kGOUd
— ANI (@ANI) February 9, 2022
ഞങ്ങൾ ആരേയും അക്രമിക്കുന്നില്ല. പകരം ചർച്ചകളും സംവാദങ്ങളും നടത്തുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ചില സമയത്ത് വാദപ്രതിവാദങ്ങളാകും. പാർലമെന്റിൽ ചില തടസ്സപ്പെടുത്തലുകൾ ഉണ്ടായേക്കും. ഈ വിഷയങ്ങളിലൊന്നും എനിക്ക് അസ്വസ്ഥയുണ്ടാകാൻ ഒരു കാരണവുമില്ല. എല്ലാ വിഷയങ്ങളിലും ഞാൻ വസ്തുതകൾ നൽകുകയും വസ്തുതകളുടെ അടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളിൽ നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചിട്ടുണ്ട്. സഭയിൽ ഇരിക്കാൻ തയ്യാറാകാത്ത, കേൾക്കാൻ തയ്യാറാകാത്ത ഒരു വ്യക്തിയോട് ഞാനെങ്ങനെ മറുപടി പറയും’ പ്രധാനമന്ത്രി ചോദിച്ചു.
ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയിരുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈന അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. എന്നാൽ ചോദ്യങ്ങളെ അഭിമുഖീരിക്കുന്നതിൽ ഭയപ്പെടുന്ന മോദി കോൺഗ്രസിനെ വിമർശിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുൽ വിമർശിച്ചിരുന്നു.