കൊച്ചി: നഗരത്തിൽ സിന്തറ്റിക് ഡ്രഗ്സിൻ്റെയും, ഗഞ്ചാവിൻ്റെയും അമിതമായ ശേഖരവും, വില്പനയും നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധനകൾ നടന്നുവരികയാണ്.
കളമശ്ശേരി, HMT, മൂലേപ്പാടം ഭാഗത്ത് കൊച്ചി സിറ്റി ഡാൻസാഫും, കളമശ്ശേരി പോലീസും ചേർന്നു നടത്തിയ രഹസ്യ പരിശോധനയിൽ മാരക ലഹരിമരുന്നായ LSD സ്റ്റാമ്പും, ശഞ്ചാവുമായി 3 യുവാക്കളെ പിടികൂടി.
കാക്കനാട്, പടമുകളിൽ താമസിക്കുന്ന കോട്ടയം, കുമരകം, പീടികചിറയിൽ വീട്ടിൽ, വിഷ്ണു (22), തൃശൂർ, വരന്തരപ്പിളളി, അരങ്ങാൽ വീട്ടിൽ, ബാലു (21), തൃശൂർ, വടക്കാഞ്ചേരി,കോണിപ്പറമ്പിൽ വീട്ടിൽ സുമേഷ് (26) എന്നിവരാണ് പിടിയാലായത്. ഇവരിൽ നിന്നും 4.250 കിലോഗ്രാം ഗഞ്ചാവും, 5 LSD സ്റ്റാമ്പും കണ്ടെടുത്തു.തുടർച്ചയായി നടത്തുന്ന ലഹരി വേട്ടയിൽ ഈ വർഷം ഇതുവരെ 9 യുവാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
കളമശ്ശേരി,ഗ്ലാസ് കോളനി ഭാഗത്ത് ഗഞ്ചാവ് മയക്കുമരുന്ന് ഉപയോഗവും വില്പനയും നടക്കുന്നതായി പുറത്ത് പറഞ്ഞ 17 വയസുകാരനെ ക്രൂരമായി മർദ്ധിച്ചതുമായി ബന്ധപ്പെട്ട്, ലഹരിയുടെ ഉപയോഗം നിശേഷമില്ലാതാക്കുന്നതിന് വേണ്ട ശക്തമായ പരിശോധനകൾ കളമശ്ശേരി ഭാഗങ്ങളിൽ നടക്കുകയാണ്.
ലോക്ക് ഡൗണിന് മുൻപ് തൊഴിൽ തേടി കൊച്ചിയിലെത്തിയ മൂന്നുപേരും ഇവിടത്തെ സാധ്യതകൾ മനസിലാക്കി ആർഭാട ജീവിതത്തിനും, ഭാരിച്ച വീട്ടുവാടക കൊടുക്കുന്നതിനും വേണ്ടിയാണ് ഗഞ്ചാവ് കച്ചവടം ചെയ്തിരുന്നത്.
തമിഴ്നാട്ടിലെ ഒട്ടച്ഛത്രത്ത് നിന്നും 2 കിലോഗ്രാം ഗഞ്ചാവ് പതിനയ്യായിരം രൂപക്ക് വാങ്ങി ചില്ലറയായും മൊത്തമായും വില്പന നടത്തുകയും, വലിക്കുന്നവർക്ക് വേണ്ട സൗകര്യവും ചെയ്തു കൊടുത്തിരുന്നു. ഒരു ലക്ഷം രൂപയാണ് ഒരു കിലോഗ്രാം ഗഞ്ചാവിൻ്റെ വിറ്റുവരവ്. മാസത്തിൽ രണ്ടു പ്രാവശ്യം തമിഴ്നാട്ടിൽ നിന്നും കാറിലാണ് ഗഞ്ചാവ് കൊണ്ടുവരുന്നത്.
ഡപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോംഗ്രേ IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് അസിസ്റ്റൻ്റ് കമ്മീഷണർ, കെ.എ.അബ്ദുൾ സലാം, കളമശേരി ഇൻസ്പെക്ടർ, പി.ആർ.സന്തോഷ്, ഡാൻസാഫ് SI ജോസഫ് സാജൻ, കളമശേരി SI ഏലിയാസ് ജോർജ്ജ്, SI പ്രസാദ്.പി.സി, SI സമിത.എസ്.എൻ.ASI ബദർ .വി .എ., ഡാൻസാഫിലെ പോലീസുകാരും ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നു.
കൊച്ചി സിറ്റിയിൽ മയക്കുമരുന്ന്, ഗഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായി വിവരം ലഭിച്ചാൽ യോദ്ധാവ് വാട്ട്സാപ്പ് 9995966666 എന്ന നമ്പറിലോ, ഡാൻസാഫിൻ്റെ 9497980430 എന്ന നമ്പറിലോ അയക്കുക .അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണർ അറിയിച്ചു.