മലപ്പുറം: സംസ്ഥാനത്ത് പുതിയ മതം രൂപീകരിക്കനൊരുങ്ങി ദളിത് തന്ത്രി ബിജു നാരായണ ശര്‍മ്മ. താന്‍ പുതിയ മതം കൊണ്ടുവരാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്താസമ്മേളനത്തിലൂടെയാണ് ദളിത് നാരായണ ശര്‍മ്മ അറിയിച്ചത്. ബ്രാഹ്മണ്യം അടിസ്ഥാനമാക്കിയ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ഹിന്ദു മതം ഉപേക്ഷിച്ചുകൊണ്ടാണ് താന്‍ ‘ആദിമാര്‍ഗ മലവാര’മെന്ന് പേരിട്ടിട്ടുള്ള പുതിയ മതം രൂപീകരിക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാൽ പുതിയ മതം ആരോടുമുള്ള പോര്‍വിളികളല്ലെന്നും ഇതൊരു ആവശ്യമാണെന്നും നിലനില്‍ക്കുന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പാണെന്നും തന്ത്രി പറയുന്നു. പുതിയ മതം ‘ജാതിമതമല്ലെ’ന്നും മാനവമതമാണെന്നും അതിലേക്ക് എല്ലാവര്‍ക്കും വരാമെന്നും ബിജു നാരായണ ശര്‍മ്മ പറഞ്ഞു. ഫെബ്രുവരി പതിനാലാം തീയതിയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങ് നടക്കുകയെന്നും അമ്ബതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച വൈകിട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ്മ രക്ഷാ ആശ്രമത്തില്‍ പുതിയ മതം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മതാചാരപ്രകാരം തങ്ങള്‍ രാത്രിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ചടങ്ങുകളില്‍ മദ്യത്തിന്റെ ഉപയോഗം ഉണ്ടാവുമെങ്കിലും മറ്റവസരങ്ങളില്‍ മദ്യം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. ബിജു നാരായണ ശര്‍മ്മ വ്യക്തമാക്കി. ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ ആലോചിച്ചതിന് 2017ല്‍ ബിജു നാരായണ ശര്‍മ്മയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.