കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ച് കോട്ടയത്തുനിന്നുള്ള നന്ദഗോവിന്ദം ഭജൻസ് ടീം വീണ്ടും വാർത്തകളിൽ നിറയുന്നു. പെർത്തിലെ ഹിന്ദു സാംസ്‌കാരിക സംഘടനയായ ‘സംസ്‌കൃതി’ സംഘടിപ്പിച്ച പരിപാടിയിലാണ് ഭജന സംഘം വന്ദേമാതരം അവതരിപ്പിച്ചത്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം സംഘം പാടുമ്പോൾ കാണികൾ ആദരവോടെ എഴുന്നേറ്റു നിന്ന് ഏറ്റുപാടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
വിദേശമണ്ണിൽ ഭാരതീയ പൈതൃകവും ദേശസ്നേഹവും വിളിച്ചോതുന്ന നന്ദഗോവിന്ദം ടീമിന്റെ ഈ പ്രകടനം പ്രവാസി മലയാളികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. മുൻപ് ഒരു ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഗാനം പാടിയതാണ് നന്ദഗോവിന്ദം സംഘത്തെ വിവാദത്തിലാക്കിയത്. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ‘ഈ പരദേവനഹോ’ എന്ന പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനം ഇവർ ഭക്തിസാന്ദ്രതയോടെ ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ക്ഷേത്ര ഐതിഹ്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായ പ്രവൃത്തിയാണ് ഇതെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി.
ഭജന സംഘത്തിന്റെ വ്യത്യസ്തമായ ഈ പരീക്ഷണം സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾക്ക് വഴിവെച്ചു. ക്ഷേത്ര മുറ്റത്ത് ഇതര മതസ്ഥരുടെ ഗാനം പാടിയത് ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതാണെന്നായിരുന്നു പ്രധാന വിമർശനം.
ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീമിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രവണതകൾ ക്ഷേത്ര ആചാരങ്ങളെ തകർക്കുമെന്ന് അവർ ആരോപിച്ചു. എന്നാൽ, ഈ വിമർശനങ്ങൾക്കെതിരെ നട്ടാശ്ശേരി പുനരുദ്ധാരണ കമ്മിറ്റി കൺവീനറും നന്ദഗോവിന്ദം ടീമും കൃത്യമായ മറുപടിയുമായി എത്തിയിരുന്നു. സംഗീതത്തിന് അതിർവരമ്പുകളില്ലെന്ന നിലപാടാണ് ഭജന സംഘം സ്വീകരിച്ചത്. ഈ വിവാദങ്ങളെല്ലാം നിലനിൽക്കെയാണ് പെർത്തിലെ പരിപാടിയിൽ ദേശീയ ഗീതം ആലപിച്ച് ഇവർ വീണ്ടും കൈയടി നേടുന്നത്.
Nanda Govindam Bhajans from Kottayam has gone viral on social media after performing ‘Vande Mataram’ at a cultural event organized by ‘Samskriti’ in Perth, Australia. The team recently faced backlash from some Hindu outfits, including K.P. Sasikala, after they performed a Christian devotional song during a program at the Vembiinkulangara Sree Mahavishnu Temple. While the previous incident sparked a heated debate over temple traditions, the latest video from Perth shows the audience giving a standing ovation to their patriotic performance.


