നക്ഷത്രമായി അമ്മയ്ക്കരികില്‍ കുഞ്ഞുമാലാഖ,ഹൃദയം തകര്‍ന്ന് വിട നല്‍കി നാട്ടുകാര്‍

ആലപ്പുഴ: അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്രക്ക് നാടിന്‍റെ യാത്രാമൊഴി. നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്. രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭർത്താവ് ശ്രീമഹേഷ് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം ഉണ്ടെന്ന് വിദ്യയുടെ അച്ഛനും അമ്മയും പറയുന്നു.

പൂമ്പാറ്റയെപ്പോലെ പാറിക്കളിച്ച് നടന്ന നാല് വയസുകാരി നക്ഷത്ര. അച്ഛൻ ശ്രീമഹേഷ് ഇല്ലാതാക്കിയ ആ കുഞ്ഞ് ജീവനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ നാട് മുഴുവൻ കായംകുളം പത്തിയൂരിലെ വീട്ടിലേക്കെത്തി. മിക്കവരുടേയും കണ്ണ് നിറഞ്ഞു. രണ്ട് വർഷം മുമ്പ് വിട പറഞ്ഞ അമ്മയുടെ കുഴിമാടത്തോട് ചേർന്ന് കുഞ്ഞു നക്ഷത്രയ്ക്കും അന്ത്യയുറക്കം.

നക്ഷത്രയെപ്പോലെ അമ്മ വിദ്യയേയും ഇല്ലാതാക്കിയത് ശ്രീമഹേഷ് തന്നെയാണെന്ന് വിശ്വസിക്കുന്നു വിദ്യയുടെ കുടുംബം. രണ്ട് വർഷം മുമ്പ് വിദ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യയെ ശ്രീമഹേഷ് കെട്ടിത്തൂക്കി കൊന്നതാണോയെന്ന് സംശയിക്കുന്ന കുടുംബത്തിന്‍റെ ആരോപണങ്ങൾ ഇങ്ങനെയാണ്.

ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച ശ്രീ മഹേഷിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള ശ്രീ മഹേഷ് സംസാരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു.

കൊലപാതകം നടന്ന സമയം മുതൽ അക്രമ സ്വഭാവം കാട്ടിയിരുന്ന ഇയാളെ ജയിലിൽ എത്തിച്ചപ്പോൾ മതിയായ മുൻകരുതൽ എടുത്തില്ലെന്ന ആരോപണവും ശക്തമാണ്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും എന്നാൽ ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നത് കൊണ്ടാണ് കുടുതൽ സുരക്ഷ എർപ്പെടുത്താതിരുന്നതെന്നും മാവേലിക്കര ജയിൽ സൂപ്രണ്ട് ജെ പ്രവീഷ്. നാല് വയസുകാരി നക്ഷത്രയെ ശ്രീമഹേഷ് കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം മഴുവും തയ്യാറാക്കിയിരുന്നു.

മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.

മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. ‘പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News