കാസർകോട്: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി കാസർകോട് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക്. കാസർകോട് ഫോർട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ്. പോളണ്ടിൽ അംബാസഡറായിരുന്നു.
കാസർകോടും ദക്ഷിണകന്നഡയിലും അക്ഷരങ്ങളിലൂടെ വിപ്ലവം നടത്തിയ എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദരപുത്രിയായ നഗ്മയുടെ ബാല്യകാലവും പഠനവും രാജ്യതലസ്ഥാനത്തായിരുന്നു. എങ്കിലും ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും താനൊരു കാസർകോട്ടുകാരിയെന്നു പറയുന്നതിൽ അഭിമാനിച്ചിരുന്നു അവർ.
മറ്റൊരു അമ്മാവൻ 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ 23-ാം വയസ്സിൽ രക്തസാക്ഷിയായ ലെഫ്. പി.മുഹമ്മദ് ഹാഷിമാണ്. ഇദ്ദേഹത്തോടുള്ള ആദരവായി തളങ്കരയിലെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേരും പുലിക്കുന്നിൽ സ്തൂപവും നിർമിച്ചിട്ടുണ്ട്.
1930 മുതൽ 1970 വരെ കാസർകോട് കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആദ്യത്തെ മുസ്‌ലിം അഭിഭാഷകരിൽ ഒരാളായിരുന്നു നഗ്മയുടെ മുത്തച്ഛനായ ഫോർട്ട് റോഡ് തെരുവത്ത് കുന്നിൽ പുതിയപുരയിൽ അഹമ്മദ്.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ (സെറിമോണിയൽ) ആയി നിയമിതയായ നഗ്മ 1991-ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേരുന്നത്. പാരീസിൽ നയതന്ത്ര ജീവിതം ആരംഭിച്ച അവർ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലും ജോലി ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന്റെ പേഴ്സണൽ സ്റ്റാഫിൽ വെസ്റ്റ് യൂറോപ്പ് ഡിവിഷനിൽ ഡെസ്ക് ഓഫീസറായിരുന്നു. നേപ്പാളിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തുടർന്ന് ഡൽഹിയിൽ തിരിച്ചെത്തിയ അവർ വിദേശകാര്യമന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവും യുറേഷ്യ ഡിവിഷനിൽ ഡയറക്ടറുമായിരുന്നു.
റഷ്യയുമായും സിഐഎസ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2012 വരെ തായ്‌ലാൻഡിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു.
ടുണീഷ്യയിലെ അംബാസഡർ (2012-15), ബ്രൂണൈ ദാറുസ്സലാമിലെ ഹൈക്കമ്മിഷണർ (2015-18) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-2020 കാലഘട്ടത്തിൽ പോളിസി പ്ലാനിങ് ഡിവിഷന്റെ തലപ്പത്തെത്തി. കിഴക്കൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധത്തിന് മേൽനോട്ടം വഹിച്ച അഡീഷണൽ സെക്രട്ടറിയായും (ആഫ്രിക്ക) സേവനമനുഷ്ഠിച്ചു. 2021 സെപ്റ്റംബർ മുതൽ പോളണ്ടിലെ ഇന്ത്യയുടെ അംബാസിഡറായിരുന്നു. ഈ പദവിയിൽനിന്നാണ് ജപ്പാനിലെ അംബാസഡറായി ഇവർ നിയമിതയാകുന്നത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ നഗ്മയ്ക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, മലയാളം തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഇതോടൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, സംഗീതം, സാഹിത്യം തുടങ്ങിയവയിലും കമ്പമുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ ഫരീദ് ഇനാം മാലിക്കാണ് ഭർത്താവ്. ഒരു മകനും ഒരു മകളുമുണ്ട്.


