EntertainmentNationalNews

തുടക്കത്തിൽ വേദനയുണ്ടാക്കി,സാമന്തയുമായുള്ള വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് നാഗചൈതന്യ

ഹൈദരാബാദ്:തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട് സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് നാഗചൈതന്യ.

‘ലവ് സ്റ്റോറി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു താരം. തന്റെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ വേദനയുണ്ടെന്നും നാഗചൈതന്യ പറഞ്ഞു.

നാഗചൈതന്യയുടെ വാക്കുകൾ

തുടക്കത്തിൽ ഇത്തരം വാർത്തകൾ കേൾക്കുന്നത് വേദനയുണ്ടാക്കി. എന്തുകൊണ്ടാണ് വിനോദ മേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത്? ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണ്. ഇതൊന്നും ആളുകളുടെ മനസ്സിൽ അധികനാൾ ഉണ്ടായിരിക്കില്ല. യഥാർത്ഥ വാർത്തകൾ നിലനിൽക്കും. എന്നാൽ ഇത്തരത്തിൽ ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തിൽ ഞാനെത്തി ചേർന്നതോടെ, അതെന്നെ ബാധിക്കുന്നത് നിന്നു. ഒന്ന്, രണ്ടു വർഷം മുമ്പ് വരെ സോഷ്യൽ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാൽ കൊവിഡ് മഹാമാരി വന്നതിനു ശേഷം എന്നെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോയി, അതോടെ ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും മാറി.

ഞാനെന്റെ വ്യക്തിഗത ജീവിതം തീർത്തും വ്യക്തിപരമായും പ്രൊഫഷണൽ ജീവിതം പ്രൊഫഷണലായും തന്നെയാണ് കാണുന്നത്. ഇവ രണ്ടും ഞാൻ മിക്സ് ചെയ്തിട്ടില്ല. മാതാപിതാക്കളിൽ നിന്നും പഠിച്ച ശീലമാണത്. വീട്ടിൽ വന്നു കഴിഞ്ഞാൽ അവർ ജോലിയെക്കുറിച്ച് സംസാരിക്കുന്നതു ഞാൻ കേട്ടിട്ടില്ല. വളരെ നല്ലൊരു ബാലൻസ് തന്നെ അവർ സൂക്ഷിച്ചിരുന്നു, അക്കാര്യം ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button