തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പരസ്യ ചിത്രീകരണത്തിനെത്തിയ സംഘത്തിന് നേരെ ആക്രമണം. ക്യാമറകൾ പിടിച്ചുവാങ്ങിയ ശേഷം വസ്ത്രങ്ങൾ വലിച്ച് കീറുകയും മർദ്ദിക്കുകയും ചെയ്‌തു. കരുംകുളത്തെ പള്ളം മത്സ്യമാർക്കറ്റിലാണ് ആക്രമണം നടന്നത്.
സർക്കാരിന്റെ ‘നാം മുന്നോട്ട് ‘ എന്ന പരസ്യത്തിന്റെ ഭാഗമായിട്ടാണ് സംഘം ഇവിടെത്തിയത്. എന്നാൽ ചിത്രീകരണം ചോദ്യം ചെയ്‌തശേഷം സംഘത്തെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ത പൂട്ടാൻ കോടതി ഉത്തരവുണ്ടെങ്കിലും ഇതിനെ അവഗണിച്ചും പ്രവർത്തനം തുടരുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും പഴക്കമുള്ളതും രാസവസ്‌തുക്കൾ കലർന്നതുമായ മത്സ്യം ഇവിടെ എത്താറുണ്ട്.
ഇതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് അടച്ചുപൂട്ടാൻ കോടതി ഉത്തരവിറക്കിയത്. ഉത്തരവിനെ അവഗണിച്ച് ചന്തയുടെ പ്രവർത്തനം തുടരുന്ന സംഘമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.