കൊല്ലം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സിപിഐഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതുകൊണ്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദവിരുന്നാണ്. പാര്‍ലമെന്‌ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം എന്‍ കെ പ്രേമചന്ദ്രന്‍ അടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും. ആര്‍എസ്പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എം പി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ സിപിഐഎം പ്രതികരിച്ചിട്ടില്ല. കൊല്ലത്തെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
സൗഹൃദ വിരുന്നില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാല്‍ വിയോജിക്കും. അല്ലാതെ സൗഹൃദ വിരുന്നില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്ക് ഇല്ല. ജോതിബസുവിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാതെ മോദിയെ സ്വീകരിക്കാന്‍ പോയത് പിണറായി വിജയനാണ്. ഇന്‍ഡ്യാ മുന്നണിയെ ചതിച്ചത് സി പി ഐ എം. പാര്‍ലമെന്റിന് ഉള്ളില്‍ എന്‍ ഡി എ സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് എടുത്തത് താനാണ്.
എളമരം കരീമിന് സംശയം ഉണ്ടേല്‍ പാര്‍ലമെന്റിലെ പ്രസംഗം പരിശോധിച്ചാല്‍ മതിയെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.കൊല്ലം സീറ്റില്‍ ആര്‍എസ്പി തന്നെയാവും മത്സരിക്കുക. യു ഡി എഫ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തു. പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കും. കൊല്ലത്ത് മുന്‍ വര്‍ഷത്തെക്കാള്‍ തിളക്കമാര്‍ന്ന വിജയം ഇത്തവണ ഉണ്ടാകുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു