ഭാര്യയെന്ന് പറഞ്ഞ് മുറിയെടുത്തു; വിവാഹത്തിന് വിസമ്മതിച്ചതോടെ അരുംകൊല

മൈസൂരു: സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് എങ്ങനെയെന്നതില്‍ അവ്യക്തത തുടരുന്നു. സ്‌ഫോടകവസ്തു വായില്‍വെച്ച് പൊട്ടിച്ചോ വൈദ്യുതാഘാതമേല്‍പ്പിച്ചോ പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നാണ് കര്‍ണാടക പോലീസിന്റെ പ്രാഥമികനിഗമനം. മുഖമാകെ വികൃതമായനിലയിലാണ് ഞായറാഴ്ച യുവതിയുടെ മൃതദേഹം ലോഡ്ജ്മുറിയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ ഇരിക്കൂറില്‍ മോഷണംനടന്ന വീട്ടില്‍നിന്ന് കാണാതായ ഹുന്‍സൂര്‍ സ്വദേശിനി ദര്‍ശിതയാണ് മൈസൂരുവിന് സമീപം സാലിഗ്രാമത്തിലെ ലോഡ്ജില്‍വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദര്‍ശിതയുടെ ആണ്‍സുഹൃത്തായ സിദ്ധരാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരിക്കൂര്‍ കല്യാട്ട് കെ.സി. സുമതയുടെ മകന്‍ സുഭാഷിന്റെ ഭാര്യയാണ് ദര്‍ശിത. വെള്ളിയാഴ്ചയാണ് സുമതയുടെ വീട്ടില്‍നിന്ന് 30 പവനും അഞ്ചുലക്ഷം രൂപയും മോഷണംപോയത്. അന്നേദിവസം രണ്ടുവയസ്സുള്ള മകളെയും കൂട്ടി ദര്‍ശിത കര്‍ണാടകയിലെ സ്വന്തംവീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് കുഞ്ഞിനെ സ്വന്തംവീട്ടിലാക്കി ദര്‍ശിത ആണ്‍സുഹൃത്തായ സിദ്ധരാജുവിനൊപ്പം സാലിഗ്രാമത്തിലേക്ക് പോയത്. പിന്നാലെ ദര്‍ശിതയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.

ദര്‍ശിതയും സിദ്ധരാജുവും തമ്മില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി അടുപ്പത്തിലാണെന്നാണ് കര്‍ണാടക പോലീസ് പറയുന്നത്. ദര്‍ശിതയുടെ വിവാഹശേഷവും ഇവരുടെ ബന്ധം തുടര്‍ന്നു. പെരിയപട്ടണ സ്വദേശിയായ സിദ്ധരാജു സ്വന്തമായി ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുന്നയാളാണ്. വെള്ളിയാഴ്ച ഹുന്‍സൂരിലെത്തിയ ദര്‍ശിതയെ ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞാണ് സിദ്ധരാജു സാലിഗ്രാമത്തിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. തുടര്‍ന്ന് ദമ്പതിമാരെന്ന വ്യാജേന ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെവെച്ച് തന്നെ വിവാഹം കഴിക്കാന്‍ സിദ്ധരാജു യുവതിയെ നിര്‍ബന്ധിച്ചെന്നും ഇതിന് വിസമ്മതിച്ചതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് കര്‍ണാടക പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. ലോഡ്ജ്മുറിയില്‍നിന്ന് രണ്ടുമീറ്ററോളം നീളമുള്ള വൈദ്യുതകേബിള്‍ കണ്ടെടുത്തിട്ടുണ്ട്. വൈദ്യുതകേബിള്‍ വായില്‍തിരുകി ഷോക്കടിപ്പിച്ചോ അല്ലെങ്കില്‍ ഡിറ്റനേറ്റര്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തു പൊട്ടിച്ചോ പ്രതി കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കൊലപാതകത്തിന് ശേഷം പ്രതി യുവതിയുടെ മൃതദേഹം തോളില്‍ചുമന്ന് ലോഡ്ജില്‍നിന്ന് കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. ലോഡ്ജ് ജീവനക്കാര്‍ ഇടപെട്ടാണ് പ്രതിയെ തടഞ്ഞുവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദര്‍ശിതയും സിദ്ധരാജുവും മുറിയെടുത്തതെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞു. കൂടെയുള്ളത് ഭാര്യയാണെന്നാണ് സിദ്ധരാജു പറഞ്ഞത്. പിന്നീട് സിദ്ധരാജു ഭക്ഷണം വാങ്ങാനായി പുറത്തുപോയി. അരമണിക്കൂറിന് ശേഷം ഒരു കവറുമായാണ് തിരിച്ചെത്തിയത്. ഇതിനുപിന്നാലെയാണ് മുറി അകത്തുനിന്ന് പൂട്ടിയിട്ടെന്ന് പറഞ്ഞ് സിദ്ധരാജുവന്നത്. തുടര്‍ന്ന് ജീവനക്കാര്‍ ബലംപ്രയോഗിച്ച് വാതില്‍തുറന്നതോടെയാണ് ചോരയില്‍ കുളിച്ച് കിടക്കുന്നനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടതെന്നും ലോഡ്ജ് മാനേജര്‍ പറഞ്ഞു. മുറിയില്‍ന്ന് സ്‌ഫോടനശബ്ദമൊന്നും കേട്ടിരുന്നില്ലെന്നും മുറിക്കുള്ളില്‍ വെടിമരുന്നിന്റെ അംശമൊന്നും കണ്ടില്ലെന്നും ലോഡ്ജ്മാനേജര്‍ വ്യക്തമാക്കി.

അതിനിടെ, കല്യാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത് ദര്‍ശിത തന്നെയാണെന്നാണ് നിഗമനം. സിദ്ധരാജുവില്‍നിന്ന് കഴിഞ്ഞദിവസം രണ്ടുലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ദര്‍ശിത തന്നതാണെന്നായിരുന്നു ഇയാളുടെ മൊഴി. അങ്ങനെയെങ്കില്‍ ബാക്കി പണവും സ്വര്‍ണവും മറ്റും കണ്ടെത്തേണ്ടതുണ്ട്. സിദ്ധരാജുവിന്റെ നിര്‍ദേശപ്രകാരമാണോ ദര്‍ശിത മോഷണം നടത്തിയതെന്നും പരിശോധിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News