കൊച്ചി: കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചത് വ്‌ളോഗര്‍മാര്‍ എന്ന നിലയില്‍ ശ്രദ്ധേയരായ രണ്ടു മലയാളി പെണ്‍കുട്ടികള്‍. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ ദുബായിലെ കരാമയിലെ താമസ സ്ഥലത്തും കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ എറണാകുളം പോണേക്കരയിലുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു മരണങ്ങളിലും ദുരൂഹത നിഴലിക്കുകയാണ്.
ഇന്നലെ പുലര്‍ച്ചെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി വ്‌ലോഗര്‍ റിഫ മെഹ്നാസി(21) മൃതദേഹം ഇന്നു വൈകിട്ടോടെ നാട്ടിലേക്കു കൊണ്ടുവരും. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശിനിയാണ് റിഫ മെഹ്നാസ്. യു ട്യൂബ് വ്‌ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹ (27)യെ ആണ് കൊച്ചിയില്‍ കഴിഞ്ഞ ഫെബ്രുവരി 28ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞ മാസം ദുബായിലെത്തിയ റിഫ ഭര്‍ത്താവ് കാസര്‍ഗോഡ് സ്വദേശി മെഹ്നാസിനൊപ്പമാണ് താമസിച്ചിരുന്നത്. യാത്ര, ഫാഷന്‍, ഭക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിഡിയോ ചെയ്തിരുന്ന റിഫയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി വരെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. റാഷിദ് – ഷെറീന ദന്പതികളുടെ മകളായ റിഫയുടെ അപ്രതീക്ഷിത വേര്‍പാട് സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ഞെട്ടിച്ചിരിക്കുകയാണ്. മരണം കാരണം ഇതുവരെ ദുബായ് പോലീസ് പുറത്തുവിട്ടിട്ടില്ല.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാള്‍ നാട്ടില്‍ പോയ ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയെന്നാണ് സൂചന. ഇതിനിടെ, മരണ വിവരം അറിഞ്ഞെത്തിയ പോലീസ് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാന്‍ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിനിടെ, സംഭവസ്ഥലത്ത് കാറില്‍ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ ഒരാളുടെ പക്കല്‍നിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേര്‍ക്ക് ഇതില്‍ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു. നേഹയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.