28.4 C
Kottayam
Tuesday, April 30, 2024

ബന്ധുക്കളായ ആറു പേരുടെ സമാന രീതിയിലുള്ള മരണം, നാളെ കല്ലറകൾ തുറന്ന് പരിശോധന

Must read

കോഴിക്കോട്:കൂടത്തായിയില്‍ ബന്ധുക്കളായ ആറ് പേര്‍ സമാന രീതിയില്‍ മരിച്ച സംഭവത്തില്‍ നാളെ കല്ലറ തുറന്ന് പരിശോധിക്കാന്‍ തീരുമാനം. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് മരിച്ച ദമ്പതികളുടെ മകന്‍ റോജോ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കല്ലറ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

വിദ്യാഭ്യാസവകുപ്പിലെ റിട്ടേര്‍ഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം കുടുംബാംഗം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2002 മുതലായിരുന്നു ഇവര്‍ മരിച്ചത്.

മരിച്ച ആറ് പേരില്‍ നാല് പേരുടെ മൃതദേഹം അടക്കിയ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് തുറന്ന് പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് കല്ലറ തുറന്ന് പരിശോധന നടത്തുക. മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്റെയും പല്ലിന്റെയും അവശിഷ്ടങ്ങളാണ് പരിശോധിക്കുക. പെട്ടെന്ന് കുഴഞ്ഞ് വീണാണ് ഈ മരണങ്ങളില്‍ പലതും സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൃദയാഘാതം മൂലമായിരിക്കാം മരിച്ചത് എന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ മരിച്ച ദമ്പതികളുടെ മകന്‍ റോജോ പരാതി നല്‍കിയതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ആവശ്യമെങ്കില്‍ മറ്റ് രണ്ട് പേരെ അടക്കം ചെയ്ത കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലും പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. സംഭവത്തില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ക്രൈബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week