ജറുസലേം: ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ എടുത്ത ചെറുപ്പക്കാരില്‍ ഹൃദയ പേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡിറ്റിസ് കേസുകള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം. എന്നാല്‍ സാധാരണയില്‍ കൂടുതലായി വാക്‌സിന്‍ സ്വീകരിച്ചവരില്‍ മാത്രം മയോകാര്‍ഡിറ്റിസ് ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഫൈസര്‍ പ്രതികരിച്ചു.
2020 ഡിസംബറിനും 2021 മേയ് മാസത്തിനും ഇടയില്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത 50 ലക്ഷം ആളുകളില്‍ 275 പേര്‍ക്ക് മയോകാര്‍ഡിറ്റിസ് ബാധിച്ചതായി മന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും നാല് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ ചെലവഴിച്ചിട്ടില്ല. 95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും പഠനത്തില്‍ പറയുന്നു.
മൂന്നു വിദഗ്ധ സംഘങ്ങളാണ് പഠനം നടത്തിയത്. 16നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ ഫൈസറിന്റെ രണ്ടാം ഡോസ് എടുക്കുന്നതും മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. പഠനം അനുസരിച്ച് 16നും19 നും ഇടയില്‍ പ്രായമുളളവരിലാണ് ഇത് കൂടുതലായി ഇതുകണ്ടുവരുന്നത്.
മയോകാര്‍ഡിറ്റിസ് രോഗം സംബന്ധിച്ചുള്ള ഇസ്രയേല്‍ പഠനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാക്സിനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫൈസര്‍ പ്രസ്താവനയില്‍ അറിയിച്ചു.