തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവറുമായി നടുറോഡിൽ വെച്ചുണ്ടായ വിഷയത്തിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. മോശം അനുഭവം ഉണ്ടായപ്പോൾ പ്രതികരിക്കുമ്പോഴുണ്ടാകുന്ന മാനഹാനിയും അതിൽ ഉണ്ടാകുന്ന പ്രയാസങ്ങളുമാണ് രണ്ട് ദിവസമായി കണ്ടുകൊണ്ടിരിക്കുന്നതെന്നും തനിക്ക് വലിയ പ്രയാസമുണ്ട് എന്നും താൻ ഒരുപക്ഷേ തുടർന്ന് സംസാരിച്ചാൽ വികാരത്തോട് കൂടി പ്രയാസത്തിൽ പോകുമെന്നുള്ളത് കൊണ്ട് പലകാര്യങ്ങളും ഞാൻ പറയുന്നില്ലെന്നും മേയർ പറഞ്ഞു.
”ഇതിൽ പ്രതികരണം ഉണ്ടായതിന് ശേഷം മേയർ ആയതുകൊണ്ട് പ്രതികരിക്കാൻ പാടില്ലേ എന്നുപറയുന്ന പല ചോദ്യങ്ങളാണ് ഉയർന്നുവന്നത്. മേയർ എന്ന് പറഞ്ഞാൽ നമ്മളെല്ലാവരും ജനിച്ച് ഒരു കുടുംബത്തിന്റെ ഭാഗമായി, ഇവിടെയിരിക്കുന്ന ജനപ്രതിനിധികളെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെയൊക്കെ ഭാഗമായി വളർന്നുവന്ന് അവർ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മത്സരിച്ച്, വിജയിച്ച് കൗൺസിലിൽ എത്തുന്നു. ജനപ്രതിനിധികളും സാധാരണ മനുഷ്യരാണ്, അത് ഏത് സ്ഥാനത്ത് ഇരിക്കുന്ന ജനപ്രതിനിധിയാണെങ്കിലും.
നമ്മൾ പലപ്പോഴും ചിന്തിക്കാതെ പോകുന്ന കാര്യം. ഇത്തരം കാര്യങ്ങൾ ഉണ്ടാവുമ്പോൾ പ്രതികരിക്കാൻ സാധിക്കുന്ന ഒരു സമൂഹത്തെയാണ് നമ്മൾ എപ്പോഴും വാർത്തെടുക്കാൻ ശ്രമിക്കുന്നത്. എനിക്ക് എന്റെ അനുഭവത്തിൽ നിന്ന് പറയാൻആഗ്രഹിക്കുന്ന കാര്യം പല പെൺകുട്ടികളുംഇത്തരം വിഷയം ഉണ്ടാവുമ്പോൾ നമ്മളോടൊക്കെ വ്യക്തിപരമായി വന്ന് ഇത്തരം വിഷയങ്ങൾ പറയുന്ന പലരും ഉണ്ട്. നമ്മൾ ജനപ്രതിനിധികൾ ആയത് കൊണ്ട്.
നമ്മൾ അപ്പോൾ പറയും നിങ്ങൾ ഇത്തരം ഒരു പ്രശ്‌നം ഉണ്ടായപ്പോൾ അപ്പോൾ പ്രതികരിക്കാത്ത് എന്തേ എന്ന്. ഈ അപ്പോൾ പ്രതികരിക്കുമ്പോഴുണ്ടാവുന്ന മാനഹാനിയും അതിൽ ഉണ്ടാകുന്ന പ്രയാസങ്ങളുമാണ് രണ്ട് ദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്. എനിക്ക് വലിയ പ്രയാസമുണ്ട്.
ഞാൻ ഒരുപക്ഷേ തുടർന്ന് സംസാരിച്ചാൽ വികാരത്തോട് കൂടി പ്രയാസത്തിൽ പോകുമെന്നുള്ളത് കൊണ്ട് പലകാര്യങ്ങളും ഞാൻ പറയുന്നില്ല. കാരണം ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു പ്രശ്‌നം തന്നെയാണ്. അതിൽ മേയർ ആര്യ രാജേന്ദ്രൻ മാത്രമല്ല, അതിനപ്പുറം എന്റെ സഹോദരൻ, എന്റെ സഹോദരന്റെ ഭാര്യ, മറ്റൊരു സഹോദരൻ, എന്റെ ഭർത്താവ് അടങ്ങുന്ന എന്റെ കുടുംബം. ആ കുടുംബം പ്രതികരിക്കുന്നത് ഒരു തെറ്റായ സന്ദേശം ഈ നാട്ടിൽ വരാതിരിക്കാനാണ്, ആര്യ പറയുന്നു.
റോഡിലെ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം എൽ എയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു കൃഷ്ണൻ പറയുന്നു കാറിൽ ഉണ്ടായിരുന്ന എല്ലാവർക്കുമെതിരെ കേസെടുക്കണം എന്നാണ് പറയുന്നത്. മദ്യപിച്ചു, ഹാവ്‍സ് ഉപയോഗിച്ചു, അസ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ പൊതു സമൂഹത്തിൽ നാണം കെടുത്തി എന്നും ജോലി തടസ്സപ്പെടുത്തിയെന്നുമാണ് ഡ്രൈവർ പറയുന്നത്.
എന്നാൽ കെ എസ് ആർ ടി സി നൽകിയ പരാതിയിൽ മേയർക്കെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പോലീസിന്റെ നിലപാട്. ഒരു കുറ്റകൃത്യത്തെ തടയാനുള്ള നടപടികളാണ് മേയർ സ്വീകരിച്ചത്. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്ന് പോലീസ് പറയുന്നു. ഡ്രൈവർ മോശമായി പെരുമാറയിതിനിലാണ് മേയർ ഇടപെട്ടതെന്നും പോലീസ് പറയുന്നു