തിരുവനന്തപുരം: ആംബുലന്‍സുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടങ്ങളും ജീവനക്കാര്‍ക്കെതിരെയുള്ള പരാതികളും വര്‍ദ്ധിച്ചതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. പുതിയ ചട്ടം കൊണ്ടുവരുന്നതോടെ ആബുംലന്‍സുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും പ്രവര്‍ത്തനം കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിന്റെ കീഴിലാവുകയും ചെയ്യും.
രജിസ്ട്രേഷനനുസരിച്ച് പ്രത്യേക നമ്പറും നല്‍കും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആംബുലന്‍സുകളുടെ യാത്ര പുതുതായി തയ്യാറാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നിരീക്ഷിക്കാനും തീരുമാനമുണ്ട്. ആംബുലന്‍സ് ആവശ്യം വരുന്നവര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആംബുലന്‍സ് സൗകര്യം ഉപയോഗപ്പെടുത്താം.
യോഗ്യതയനുസരിച്ച് ഡ്രൈവര്‍മാരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്. നിശ്ചിത വിദ്യാഭ്യാസത്തിനനുസരിച്ച് യോഗ്യത കണക്കാക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലന സര്‍ട്ടിഫിക്കറ്റും കൈവശം വേണം.
ഓരോ ആംബുലന്‍സിന്റെയും സൗകര്യത്തിനനുസരിച്ച് കളര്‍ കോഡ് കൊണ്ടുവരും. വിവിധ സംഘടനകളുടെ പേരും ലോഗോയും ഒട്ടിച്ച ആംബുലന്‍സുകള്‍ക്ക് അതോടെ പൂട്ട് വീഴും. ആംബുലന്‍സിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 130 വരെയാക്കുന്നതും പരിഗണനയിലുണ്ട്. മോട്ടോര്‍ വാഹനവകുപ്പും ആരോഗ്യവിദഗ്ധരും ആംബുലന്‍സ് ജീവനക്കാരുടെ സംഘടനയുമായുള്ള ചര്‍ച്ച് പൂര്‍ത്തിയായിട്ടുണ്ട്.