KeralaNews

‘പ്രവര്‍ത്തന മികവ്’ വിലയിരുത്തുന്നത് ‘പെറ്റി പിരിവ്’ പരിഗണിച്ച് അമര്‍ഷത്തില്‍ എംവിഡി ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ എ എം വി ഐമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മികവില്‍ ‘പെറ്റി പിരിവ്’ മാനദണ്ഡമാക്കിയതിനെക്കുറിച്ച്‌ വിവാദം.

205 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റം ട്രിബ്യൂണല്‍ നിര്‍ത്തിവച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നത്.

കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും, അസി. മോട്ടോര്‍വെഹിക്കിള്‍ ഇൻസ്‌പെക്ടേഴ്സ് അസോസിയേഷനുമാണ് പരാതിയുമായി രംഗത്തുള്ളത്. എൻഫോഴ്സ്‌മെന്റ് വിഭാഗത്തില്‍ മൂന്ന് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ എ എം വി ഐ ഉദ്യോഗസ്ഥരെ ആര്‍ ടി ഒ, എസ് ആര്‍ ടി ഒ ഓഫീസുകളിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം മുഴുവനായും അട്ടിമറിക്കപ്പെട്ടുവെന്നാണ് പരാതിയുടെ അടിസ്ഥാനം.

ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നടത്തേണ്ട പരിശോധനകളുടെ എണ്ണം. കേസുകള്‍. പിഴയായി പിരിച്ചെടുക്കേണ്ട തുക എന്നിവയുടെ ടാര്‍ഗറ്റ് നിശ്ചയിച്ചുക്കൊണ്ടാണ് 2019 നവംബറില്‍ ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്.

സര്‍ക്കുലര്‍ അനുസരിച്ച്‌ പണം പിരിച്ചെടുക്കാതിരുന്നവര്‍ക്ക് പ്രവര്‍ത്തന മികവ് കുറവാണെന്ന് വിലയിരുത്തി സ്ഥലം മാറ്റം നല്‍കാതെ അവഗണിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എൻഫോഴ്സ്‌മെന്റില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കുപോലും സ്ഥാപനങ്ങളില്‍ നിയമനം നല്‍കാതെ വെറും രണ്ടര വര്‍ഷം മാത്രം സര്‍വ്വീസുളളവര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഓഫീസുകളിലെ സീനിയര്‍ ഉദ്യോഗസ്ഥരെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലേക്ക് മാറ്റി. അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നിഷേധിച്ചതെന്നാണ് സംഘടനകളുടെ ആരോപണം.

സര്‍വ്വീസില്‍ നിന്നും വിരമിക്കാൻ മൂന്ന് വര്‍ഷം മാത്രം അവശേഷിക്കുന്ന ഉദ്യോഗസ്ഥരെ പോലും എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്ക് മാറ്റിയതും വലിയ പരാതിക്ക് കാരണമായിരുന്നു. നിലവിലുളള കേരള സര്‍വ്വീസ് ചട്ടത്തിലെ വ്യവസ്ഥകള്‍ മറികടന്ന് സ്വന്തക്കാരെ സൗകര്യമുളളയിടങ്ങളില്‍ കൊണ്ടുവരുന്നതിന് പ്രവര്‍ത്തന മികവ് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.

അതുപോലെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ഗതാഗത ബോധവത്കരണം പോലെയുളള പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കാതെ പെറ്റി പിരിവ് മാത്രം മാനദണ്ഡമാക്കിയതിനെതിരെയും ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button