പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് മോട്ടോര്‍വാഹന വകുപ്പ്. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക് കൈമാറിയ കാര്‍ ഡീലര്‍ക്ക് 1,03,000 രൂപയാണ് പിഴയിട്ടത്.
കഴിഞ്ഞ ദിവസം തിരുവല്ല നഗരത്തിലാണ് സംഭവം. തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്. രജിസ്റ്റര്‍ ചെയ്യാതെയും HSRP നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങള്‍ ഡെലിവറി നടത്തുന്നു എന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു.
തിരുവല്ല ജോയിന്റ് ആര്‍ടിഒ ശ്രീ പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും നടന്ന പരിശോധനയ്ക്കിടയിലാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറും ഇല്ലാത്ത പുതിയ വാഗണ്‍ ആര്‍ വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പിന്നാലെ ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് ഫൈന്‍ ഈടാക്കിയത്.
പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ക്ക് കൈമാറേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്. എന്നാല്‍ പല ഡീലര്‍മാരും ഉടമകളുടെ അജ്ഞത മുതലെടുത്തു ഇത് ലംഘിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യാതെ റോഡിലിറക്കിയാല്‍ ഉടമകള്‍ പല ഊരാക്കുടുക്കുകളിലേക്കുമായിരിക്കും ചെന്നുപെടുക.
ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കിയത്. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവായിരുന്നു. പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്നു തന്നെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി.