ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്ന പദ്ധതിയായ ബൈപ്പാസ് പ്രാവര്‍ത്തികമായതു മുതല്‍ പാലത്തില്‍ വലിയ തിരക്കാണ്. അരനൂറ്റാണ്ടോളം നിര്‍മ്മാണചരിത്രം പറയാനുള്ള പാലം നിര്‍മ്മിച്ചത് ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരമായിട്ടാണെങ്കിലും ഇപ്പോള്‍ വലിയ ട്രാഫിക് ബ്ലോക്കിന് വേദിയാകുകയാണ് ബൈപ്പാസ്.
എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോള്‍ തുമ്പോളി കഴിഞ്ഞ് കൊമ്മാടി ജംഗ്ഷന്‍ മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററോളം നീളുന്നതാണ് ആലപ്പുഴ ബൈപ്പാസ്. ആലപ്പുഴ ബീച്ച്, റെയില്‍വെ എന്നിവ വഴി കടന്നുപോകുന്നതിനാല്‍ 3.2 കിലോമീറ്ററും മേല്‍പ്പാലമാണ്. സംസ്ഥാനത്ത് തന്നെ ബീച്ചിലൂടെയുള്ള ഏറ്റവും നീളമേറിയ മേല്‍പ്പാലം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്. ഈ പ്രത്യേകതകള്‍ തന്നെയാണ് ബൈപ്പാസിലെ തിരക്കിന് കാരണവും.
സെല്‍ഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി യാത്രക്കാര്‍ വാഹനങ്ങള്‍ പാലത്തില്‍ നിര്‍ത്തിയിടുന്നത് പതിവായിക്കഴിഞ്ഞു. രണ്ടുവരി മേല്‍പ്പാലത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വലിയ ഗതാഗതക്കുരുക്കിന് ഇത് കാരണമാകുന്നു. എന്നാല്‍ ഇനി അതുവേണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു.
അതായത് ഇനി മേല്‍പ്പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം 250 രൂപ പിഴ ഈടാക്കും. കൂടാതെ ആറു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് നീക്കം. നിലവില്‍ പാലത്തിലൂടെയുള്ള കാല്‍നടയാത്രയും ഇവിടെ നിരോധിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. നോ സ്റ്റാന്‍ഡിങ്, നോ സ്റ്റോപ്പിങ് എന്നെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിക്കുക. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിലും അവസാനവുമായി കാല്‍നടയാത്ര നിരോധിക്കുമെന്ന ബോര്‍ഡുകളും സ്ഥാപിക്കാനാണ് നീക്കം.