എം.വി ജയരാജന്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

കണ്ണൂര്‍: എം.വി ജയരാജന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് എം.വി ജയരാജനെ സിപിഐഎം ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്.

ഇതിനിടെ കണ്ണൂരില്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ചില നേതാക്കള്‍ക്ക് ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിഞ്ഞില്ല. പാര്‍ട്ടിയുടെയും നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇത് തടയാന്‍ നേതാക്കള്‍ക്കായില്ലന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

നേതാക്കളെ മുന്‍നിര്‍ത്തി ഇത്തരക്കാര്‍ രംഗത്തെത്തിയത് സാമൂഹിക മാധ്യമങ്ങളിലൂടെ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുളള പൊതുചര്‍ച്ചയിലാണ് സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ ഏതെങ്കിലും നേതാവിന്റെ പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമര്‍ശനം.

ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പൊതു ചര്‍ച്ചക്ക് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഓരോന്നായി വിശദീകരിച്ചു. പന്ത്രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയൊന്‍പത് പേരാണ് രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത്. സമ്മേളനം ഇന്ന് സമാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News