മൂവാറ്റുപുഴ: സ്വകാര്യ വ്യക്തികളുടെ സ്വത്ത് തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുകയും നിരപരാധികളായ ദമ്പതികളെ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ (CI) മാത്യു ജോർജിനെതിരേ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി. രാജേഷ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. മുട്ടം കളപ്പുരയിൽ സ്വദേശി രമ്യ ജെ. കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവർ നൽകിയ സ്വകാര്യ അഴിമതി നിരോധന ഹർജിയിലാണ് സി.ഐക്കെതിരെ വിജിലൻസ് നടപടിക്ക് കോടതി നിർദ്ദേശിച്ചത്.
കേസിൽ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർക്ക് പുറമെ കാഞ്ഞാർ തെക്കേൽ ബിബി ജോസ്, കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് ടിമ്മി എന്നിവരാണ് മറ്റ് പ്രധാന കുറ്റാരോപിതർ. ടിമ്മി മാത്യുവിനും ജൂലിയറ്റ് മാത്യുവിനും വേണ്ടി പരാതിക്കാരിയായ രമ്യയുടെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ സർക്കിൾ ഇൻസ്‌പെക്ടറും, ഇടനിലക്കാരനായി പ്രവർത്തിച്ച രണ്ടാം പ്രതി ബിബി ജോസും ചേർന്ന് തങ്ങളെ ക്രൂരമായി വേട്ടയാടുകയും സമ്മർദ്ദത്തിലാക്കാൻ വ്യാജ പോക്‌സോ കേസ് ചുമത്തുകയുമായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.
വ്യാജ പോക്‌സോ കേസിൽ എഫ്.ഐ.ആർ. (FIR) രജിസ്റ്റർ ചെയ്ത ശേഷം കേസ് ഒതുക്കിത്തീർക്കാനും ഒഴിവാക്കാനുമായി സി.ഐ മാത്യു ജോർജ് പരാതിക്കാരിൽ നിന്ന് 3.5 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും ആരോപണമുണ്ട്. പണം നൽകാത്തതിനെ തുടർന്ന് ദമ്പതികളെ പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും, ഭർത്താവ് ടിജോ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനം യാതൊരു രേഖകളുമില്ലാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി.ഐ തങ്ങളോട് പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങളുടെ ഡിജിറ്റൽ തെളിവുകൾ ദമ്പതികൾ കോടതിയിൽ ഹാജരാക്കി.
ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേയുള്ള ഇത്തരം ഗുരുതരമായ ക്രിമിനൽ പരാതികൾ ഔദ്യോഗിക ചുമതലകളുടെ ഭാഗമായി ചെയ്ത കാര്യങ്ങളിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വിജിലൻസ് കോടതി കർശനമായി വ്യക്തമാക്കി. അതിനാൽ തന്നെ അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനോ അന്വേഷണം നടത്തുന്നതിനോ സർക്കാരിന്റെ മുൻകൂർ അനുമതി (Prior Sanction) ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.
അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയായതിനാൽ പ്രാഥമിക അന്വേഷണം നടത്തി ബോധ്യപ്പെടാതെ നേരിട്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് പരാതിയിൽ പറയുന്ന അഴിമതി, പണം തട്ടൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി വിജിലൻസ് യൂണിറ്റിനോട് (Idukki Vigilance Unit) കോടതി ആവശ്യപ്പെട്ടത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സി.ഐക്കെതിരെയുള്ള തുടനടപടികൾ.
English Summary
The Muvattupuzha Vigilance Court has ordered a preliminary inquiry against Kottayam Crime Branch Circle Inspector (CI) Mathew George for allegedly abetting a property grab and attempting to frame a couple in a fabricated POCSO case. Vigilance Judge G. Rajesh issued the order based on a petition filed by Ramya J. Kalappura and her husband Tijo Philip. The complainants alleged that CI Mathew George, along with an agent named Bibi Jose, colluded with third parties to extort ₹3.5 lakh to drop the fake case, illegally detained them at the station, and unlawfully seized their vehicle. The court noted that since the alleged acts do not fall under official duties, prior government sanction is not required for the probe, and directed the Idukki Vigilance Unit to submit a report within three months.


