തിരുവനന്തപുരം: വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വില്‍ക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ചാണിത്. തീരെ ചെറിയ സംരംഭങ്ങളാണെങ്കില്‍ രജിസ്ട്രേഷനും എടുത്തിരിക്കണം. രജിസ്ട്രേഷന് 100 രൂപ മാത്രമേ ഉള്ളൂ. എന്നാല്‍, 12 ലക്ഷത്തില്‍ കൂടുതല്‍ ഒരു വര്‍ഷത്തില്‍ വിറ്റു വരവുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമായും വേണമെന്ന് അധികൃതര്‍ അറിയിച്ചു. ലൈസന്‍സിനായി 7500 രൂപയാണ് ചെലവ് വരിക.
അതേസമയം, ലൈസെന്‍സില്ലെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകരമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2011 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കിലും കോവിഡ് തുടങ്ങിയതിന് ശേഷമാണ് കര്‍ശനമാക്കിയത്. കൊവിഡ് കാലഘട്ടത്തില്‍ വീട്ടിലിരുന്ന് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വില്‍പ്പന ഏറി വന്നതോടെയാണ് നിയമവും കര്‍ശനമാക്കിയത്.
ഇനി, കേക്ക്, പലഹാരങ്ങള്‍, പായസം, അച്ചാര്‍ എന്തുമാകട്ടെ, ഇത്തരം ഭക്ഷണസാധനങ്ങള്‍ വീടുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം പിഴയടയ്ക്കാന്‍ തയ്യാറാകേണ്ടി വരും.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും തങ്ങള്‍ വാങ്ങുന്ന ഭക്ഷണം റജിസ്ട്രേഷന്‍ ഉള്ള സ്ഥലത്തുനിന്നാണോയെന്ന് ഇതിലൂടെ ഉറപ്പു വരുത്താവുന്നതാണ്. ഭക്ഷണത്തിനെതിരെ പരാതികള്‍ ലഭിച്ചാല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്ന അടുക്കളകളുടെ ലൈസന്‍സ് റദ്ദാക്കുവാനുമുള്ള അധികാരം വകുപ്പിനുണ്ട്.