ഭോപ്പാല്‍: ഹിന്ദു ദൈവങ്ങളുടെ പേരോ ചിത്രങ്ങളോട് കൂടിയതോ ആയ പടക്കങ്ങള്‍ വില്പന നടത്താന്‍ പാടില്ലെന്ന് കാട്ടി പടക്കം വില്ക്കുന്ന മുംസ്ലീം കടയുടമകള്‍ക്ക് നേരെ ഭീഷണി. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കഴുത്തില്‍ കാവി നിറത്തിലെ ഷാളുകള്‍ ചുറ്റിയ സംഘം കടകളിലേക്ക് പാഞ്ഞെത്തുന്നതിന്റെയും പടക്കങ്ങള്‍ വിറ്റാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്നും പറയുന്ന വീഡിയോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി.
‘ഈ കടയില്‍ നിന്നു ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ വിറ്റാല്‍, നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും.’ ഒരു മുസ്ലിം കടയുടമയോട് സംഘം പറയുന്നത് വീഡിയോയില്‍ കാണാം. സംഘത്തിന്റെ ഭീഷണിയില്‍ ഭയപ്പെട്ട കടയുടമ അങ്ങനെയൊന്നും ചെയ്യില്ലെന്ന് കൈകൂപ്പി അപേക്ഷിക്കുന്നുമുണ്ട്. ഇതിനിടെ സംഘം പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഫ്രഞ്ച് പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട വിവാദവും പരാമര്‍ശിക്കുന്നുണ്ട്. ‘നിങ്ങള്‍ രാജ്യത്തിനെതിരാണെങ്കില്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്’ എന്നും സംഘം ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ കടയുടമ അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ക്ഷമയോടെ മറുപടി പറയുന്നു.
വൃദ്ധനായ മുസ്ലിം കടയുടമയോട് കാവി ഷാള്‍ കഴുത്തില്‍ ചുറ്റിയെത്തിയ അരഡസനോളം പേര്‍ ചേര്‍ന്ന് തര്‍ക്കിക്കുന്നതിന്റെ വീഡിയോ മദ്ധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് ട്വിറ്ററില്‍ റീ – ട്വീറ്റ് ചെയ്തിട്ടുണ്ട്. കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കടയുടമ പറയുന്നതൊന്നും ചെവിക്കൊടുക്കാത്ത സംഘം, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ പടക്കങ്ങള്‍ വിറ്റാല്‍ കട മുഴുവന്‍ കത്തിക്കുമെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം ആരംഭിച്ചതായും ദേവാസ് ജില്ലാ കളക്ടര്‍ ചന്ദ്രമൗലി ശുക്ല പറഞ്ഞു.
This happened in Dewas, MP.
A mob of Hindutva people entered into a Muslim's shop and threatened him for selling firecrackers which had Hindu deity stickers.
Shopkeeper kept saying that he is not manufacturer but goons threatened to burn down his shop. pic.twitter.com/dOKH6IH8i0
— Md Asif Khan (@imMAK02) November 3, 2020