മലപ്പുറം: കെടി ജലീലിനെതിരെ വിവാദ പ്രസ്താവന നടത്തുകയും പ്രമുഖ ചാനലില്‍ എത്തി പലരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും അവകാശപ്പെട്ട യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ്. യാസര്‍ എടപ്പാള്‍ മുസ്ലിം ലീഗിന്റെയോ, പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി പറഞ്ഞു.
മുസ്ലീം ലീഗ് സൈബര്‍ വിങിന്റെ ചുമതല അദ്ദേഹത്തിനില്ലെന്നും നാളിതുവരെ യാസറിന്റെ മോശമായ ഫേസ് ബുക്ക് പോസ്റ്റിനെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലെന്നും തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആര്‍കെ ഹമീദ് പറഞ്ഞു. എന്നാല്‍ മന്ത്രിക്ക് എതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് വീട് റെയ്ഡ് ചെയ്യിക്കുകയും സ്വപ്‌ന സുരേഷ് വഴി കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തി യാസറിനെ നാട് കടത്താന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ മുസ്ലിം ലീഗ് പിന്തുണക്കുന്നുവെന്നും സെക്രട്ടറി പറഞ്ഞു.
അതേസമയം ഗുരുതരമായ വെളിപ്പെടുത്തലാണ് ഇതെന്നും കേസ് എടുത്ത് അന്വഷിക്കണമെന്നും ഡിവൈഎഫിഐ സംസ്ഥാന അധ്യക്ഷന്‍ എഎ റഹീം പറഞ്ഞു. മന്ത്രി കെ ടി ജലീലിന്റെ വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത കാര്യമാണ് ഇയാള്‍ വെളിപ്പെടുത്തുന്നതെന്നും മുസ്ലിം ലീഗിന്റെ ഐടി സെല്‍ ആണ് ഹാക്കിംഗ് നടത്തിയത് എന്നും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ടെന്നും ഹാക്ക് ചെയ്തപ്പോള്‍ കണ്ടതും കേട്ടതുമായ സ്വകാര്യ സന്ദേശങ്ങളും അയാള്‍ വിളിച്ചു പറയുന്നുണ്ടെന്നും റഹീം വ്യക്തമാക്കി.
മറ്റ് മന്ത്രിമാരുടെയും രാഷ്ട്രീയ എതിരാളികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണും സമാനമായി ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്നും അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സംസ്ഥാനത്ത് ലീഗ് നേതൃത്വം നടത്തിയിരിക്കുന്നതെന്നും റഹീം പറഞ്ഞു.