കാസർകോഡ്:രാഷ്ട്രീയ മുന്നണി സമവാക്യങ്ങള്‍ മാറിയേക്കുമെന്ന ചര്‍ച്ചകള്‍ക്കിടയില്‍ കേരള സര്‍ക്കാരിന്റെ നവകേരള പരിപാടിയുടെ വേദിയില്‍ മുസ്ലിം ലീഗ് നേതാവ്.
ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ എൻ കെ അബൂബക്കറാണ് നവകേരള സദസ്സിന്റെ പ്രഭാത വിരുന്നില്‍ പങ്കെടുക്കാനെത്തിയത്. നവകേരള സദസിന് ആശംസയറിയിച്ച അബൂബക്കര്‍, ലീഗിന്റെ പ്രതിനിധിയായിട്ടല്ല താനെത്തിയതെന്നും പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സിപിഎമ്മുമായി കൂടുതല്‍ അടുക്കുന്നുവെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സംഭവം.
സി എച്ച് സെന്‍റര്‍ ട്രെഷറര്‍ കൂടിയാണ് എൻ കെ അബൂബക്കര്‍. ഏക സിവില്‍ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാര്‍, അടുത്തിടെ സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി എന്നിവയിലേക്ക് മുസ്ലിം ലീഗിനും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
ഇത് യുഡിഎഫില്‍ അതൃപ്തിയുണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു അങ്ങനെയൊരു നിലപാടിലേക്ക് ലീഗെത്തിയത്. ക്ഷണിച്ചാല്‍ പലസ്തീൻ അനുകൂല റാലിയില്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് സംഘടനാ നേതൃത്വം മറിച്ചൊരു തീരുമാനമെടുക്കുകയായിരുന്നു.
ഏറ്റവുമൊടുവില്‍ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടതും, അത് ലീഗ് അംഗീകരിക്കുകയും ചെയ്തത് യു ഡി എഫിനുള്ളില്‍ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഷിബു ബേബി ജോണ്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫിലെ മറ്റു നേതാക്കളും പല കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും അംഗങ്ങളായിട്ടുണ്ട് എന്നോര്‍മിപ്പിച്ചാണ് മുസ്ലിം ലീഗ് വിഷയത്തെ പ്രതിരോധിച്ചത്.
തീരുമാനിച്ചുറപ്പിച്ചാണോ ലീഗ് ഇറങ്ങിയിരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസ്സില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നതിലൂടെ ഉയരുന്നത്. കൂടുതല്‍ ലീഗ് നേതാക്കള്‍ പങ്കെടുക്കുമെന്ന് സൂചനകള്‍ വരുന്നതിലൂടെ നവകേരള യാത്ര കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ ചില ചുവടുമാറ്റങ്ങളിലേക്കാണ് നീങ്ങുന്നതെന്ന് വിലയിരുത്തേണ്ടി വരും