കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം, പി.എം.എ.വൈ. പദ്ധതി തുടങ്ങിയ നിര്‍ണ്ണായക വിഷയങ്ങളില്‍ മന്ത്രി കെ.എം. ഷാജി നടത്തുന്ന പരസ്യ പ്രതികരണങ്ങള്‍ മുസ്ലിംലീഗിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി വിമര്‍ശനം. ഷാജിയുടെ പല നിലപാടുകളും ലീഗിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായതോടെ, വരാനിരിക്കുന്ന മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം കടുത്ത രാഷ്ട്രീയപ്പോരിന് വേദിയാകുമെന്നുറപ്പായി. ഭരണത്തില്‍ ലീഗ് ഒന്നും അറിയുന്നില്ലേ എന്ന ചോദ്യമാണ് അണികള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്.
സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ലീഗിനുള്ളില്‍ പുകച്ചില്‍ ശക്തമായത്. ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. നിയാസ് പരസ്യമായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറവും നിയമനത്തില്‍ പരസ്യമായ അതൃപ്തി രേഖപ്പെടുത്തി. മുസ്ലിംലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പില്‍ നിന്ന് എങ്ങനെയാണ് ഇത്തരമൊരു നിയമനത്തിന് ശുപാര്‍ശ പോയതെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ് നേതൃത്വം.
വിവാദങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് പി.എം.എ.വൈ. പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എം. ഷാജി നടത്തിയ പ്രതികരണമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. ലൈഫ് ഭവനപദ്ധതി വഴി നല്‍കുന്ന വീടുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ എംബ്ലം പതിക്കുന്നതിനെ ന്യായീകരിച്ച് ഷാജി രംഗത്തെത്തിയിരുന്നു. ഇത് സംഘപരിവാര്‍ നയങ്ങളെയും കേന്ദ്ര നീക്കങ്ങളെയും വെള്ളപൂശുന്നതിന് തുല്യമാണെന്നാണ് പാര്‍ട്ടിയിലെ ആഭ്യന്തര വിമര്‍ശനം.
ഷാജിയുടെ ഈ വിവാദ നിലപാടിനെതിരെ നിയമസഭയില്‍ മുസ്ലിംലീഗ് എം.എ.എല്‍.എ. ടി.പി. അഷറഫലി നടത്തിയ ഒളിയമ്പ് പാര്‍ട്ടിയിലെ ഭിന്നത പരസ്യമാക്കുന്നതായിരുന്നു. മനുഷ്യര്‍ അഭിമാനത്തോടെ ജീവിക്കണമെന്ന വലിയൊരു രാഷ്ട്രീയ മുദ്രാവാക്യമുള്ള പാര്‍ട്ടിയാണ് ലീഗ് എന്നായിരുന്നു കേന്ദ്ര എംബ്ലം പതിക്കുന്ന വിഷയത്തില്‍ ടി.പി. അഷറഫലി നിയമസഭയില്‍ വ്യക്തമാക്കിയത്. മന്ത്രിയുടെ നിലപാടിനെ സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എ തന്നെ തിരുത്തിയത് നേതൃത്വത്തിന് കടുത്ത തിരിച്ചടിയായി.
മദ്യനയത്തിന്റെ കാര്യത്തിലും ഷാജിയുടെ പ്രതികരണം ലീഗ് അണികളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. മദ്യനയത്തില്‍ മുസ്ലിംലീഗിന് എന്നും വ്യക്തവും കര്‍ശനവുമായ സമീപനമാണുള്ളത്. എന്നാല്‍, ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് ലീഗ് മന്ത്രിമാര്‍ എന്ന രീതിയിലാണ് ഷാജി സംസാരിച്ചത്. ഇത് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കിലും അണികള്‍ക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയോ പാര്‍ട്ടി സംസ്ഥാന നേതൃത്വമോ ഔദ്യോഗികമായി വിശദീകരിക്കേണ്ട ഇത്തരം നയപരമായ കാര്യങ്ങളില്‍, എന്തിനാണ് കെ.എം. ഷാജി സ്വന്തം നിലയില്‍ അഭിപ്രായം പറയുന്നതെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്. വ്യക്തിപരമായ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയെത്തന്നെ ജനമധ്യത്തില്‍ ചോദ്യം ചെയ്യുന്നതാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
ഭരണത്തില്‍ ലീഗിന്റെ മേല്‍ക്കൈ നഷ്ടപ്പെടുന്നു എന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തില്‍, എല്ലാ വിഷയങ്ങളിലും പി.കെ. കുഞ്ഞാലിക്കുട്ടി അടിയന്തരമായി ഇടപെടണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ ആവശ്യം. നിലവിലെ മന്ത്രിസഭയിലെ രണ്ടാമനാണ് കുഞ്ഞാലിക്കുട്ടി. ആ പദവിയുടെ ഗാംഭീര്യത്തിനും ഉത്തരവാദിത്തത്തിനും അനുസരിച്ചുള്ള ശക്തമായ ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും, മന്ത്രിമാരെ നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈ എടുക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
പുതിയ മന്ത്രിസഭ ചുമതലയേറ്റ ശേഷം ഇതുവരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല എന്നത് പാര്‍ട്ടിയിലെ അസ്വാഭാവിക സാഹചര്യങ്ങളെയാണ് വിരല്‍ ചൂണ്ടുന്നത്. സാധാരണ ഗതിയില്‍ ഭരണമാറ്റത്തിന് ശേഷം പാര്‍ട്ടി ഘടകങ്ങള്‍ സജീവമാകാറുള്ളതാണെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. താഴെത്തട്ടില്‍ അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധങ്ങളും അമര്‍ഷവും നിലനില്‍ക്കുന്നതിനാലാണ് യോഗം നീട്ടിക്കൊണ്ടുപോകുന്നത്.
സംസ്ഥാന കമ്മിറ്റിക്ക് പുറമെ യൂത്ത് ലീഗ് കമ്മിറ്റികളും നിലവില്‍ വിളിച്ചുചേര്‍ക്കുന്നില്ല. താഴെത്തട്ടില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നേതൃത്വത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. ഭാരവാഹികളുടെയും അണികളുടെയും പ്രതിഷേധം ഭയന്നാണ് കമ്മിറ്റികള്‍ വിളിക്കാത്തതെന്ന ആക്ഷേപവും ശക്തമാണ്.
English Summary
Criticism is mounting within the Muslim League as senior leader K.M. Shaji’s recent stances reportedly contradict the party’s official policies, causing significant political embarrassment. Elements within the party are demanding immediate intervention from P.K. Kunhalikutty to resolve the crisis. Additionally, questions are being raised about whether the Local Self-Government Minister blundered regarding the PMY scheme and Seshadri’s official appointment. Consequently, the upcoming high-level Muslim League leadership meeting is expected to be a crucial turning point for internal party politics.


