തിരുവനന്തപുരം:പിണറായി സര്‍ക്കാരിന്റെ ഭരണ തുടർച്ചയുടെ സത്യപ്രതിജ്ഞാവേദിയില്‍ 52 സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന വെര്‍ച്വല്‍ സംഗീത ആല്‍ബം അരങ്ങേറും. നവകേരള ഗീതാഞ്ജലി എന്ന പേരിലാണ് ഇടതുസര്‍ക്കാരിന്റെ ചരിത്രവും നേട്ടവും വിവരിക്കുന്ന സംഗീത ആല്‍ബം. മമ്മൂട്ടിയാണ് ആമുഖ സന്ദേശം നല്‍കുന്നത്.
മമ്മൂട്ടി നവകേരള ഗീതാഞ്ജലി അവതരിപ്പിക്കും. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്,
മധു ബാലകൃഷ്ണന്‍, ശ്വേതാ മോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാ നമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിഹരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് സംഗീത ആല്‍ബത്തില്‍ പാടിയിരിക്കുന്നത്.
ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതാണ് സംഗീത ആല്‍ബം.
അതേസമയം ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്.
സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും. രാവിലെ 9-30 ഓടെ മുഖ്യമന്ത്രിയും സിപിഐഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പോയി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും സത്യപ്രതിജ്ഞക്ക് പോവുക.