കല്ലമ്പലം: പള്ളിക്കലിൽ ബന്ധുക്കൾ തമ്മിലുള്ള വഴി തർക്കം അതിരുവിട്ടപ്പോൾ അക്രമത്തിലും കത്തികുത്തിലും കലാശിച്ചു. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പള്ളിക്കൽ താഴേമൂതല കക്കാട് കാവുവിള കുന്നുംപുറത്തു വീട്ടിൽ അബ്ദുൾ റഹീമിന്റെ മകൻ പള്ളിക്കൽ ആലീസ് മൻസിലിൽ നജീം (38) ആണ് മരിച്ചത് . അബ്ദുൾ റഹീമിനും, മറ്റൊരു മകനായ നൈസാമിനും, അയൽവാസികളും ബന്ധുക്കളുമായ റഫീക്ക് എന്ന ഷാഹുൽ ഹമീദിനും, ഷെഹീറിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നജീമിനെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും തുടർന്ന് കിംസിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറ്റുള്ളവരെ തിരുവനന്തപുരത്ത് സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ഷെഹീറിന്റെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ഇരു കൂട്ടരുടെയും വീടിനു സമീപത്തുകൂടിയുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കം നേരത്തെ നിലനിന്നിരുന്നതായും അതിർത്തി കെട്ടിതിരിക്കുന്നതിന്റെ ഭാഗമായുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. പള്ളിക്കൽ പൊലീസ് കേസെടുത്തു. പ്രതികൾ അശൂപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.