പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സി.എസ് ഔസോപ്പിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദൃക്സാക്ഷികളായ മൂന്ന് പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ചാണ് ഐപിസി 304-ാം വകുപ്പ് ചുമത്തിയത്.
ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ ബസാണ് യുവാക്കളെ അപകടപ്പെടുത്തിയത്. അപകടത്തില്‍ പാലക്കാട് സ്വദേശി ആദര്‍ശ്, കാസര്‍ഗോഡ് സ്വദേശി സെബിത്ത് എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കെ.എസ.്ആര്‍.ടി.സി നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.
ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകട ദൃശ്യങ്ങൾ, പുറത്തുവന്നതോടെ കെഎസ്ആർടിസി ഡ്രൈവർ മന: പൂർവ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയതാണെന്നാണ് മരിച്ച സെബിത്തിന്റെ സഹോദരന്‍ ശരത്ത് വെളിപ്പെടുത്തിയത്. സംഭവത്തിന് തൊട്ടുമുന്‍പ് മരിച്ച യുവാക്കളും കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാരും പറയുന്നു. ഇക്കാര്യം ഉള്‍പ്പടെ പൊലീസ് അന്വേഷിക്കണമെന്നായിരുന്നു മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം.