CrimeKeralaNews

തൃശൂർ മേയറെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അഞ്ച് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു

തൃശൂർ: തൃശൂർ കോർപ്പറേഷൻ (Thrissur Corporation) നടക്കുമ്പോൾ മേയറെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അഞ്ച് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു. കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ ശ്രീധർ, എ കെ സുരേഷ് എന്നിവരുടെ പേരിലാണ് വധശ്രമത്തിന് കേസെടുത്തത്. തൃശൂർ മേയറെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

തൃശൂർ കോർപ്പറേഷനില്‍ ചൊവ്വാഴ്ച നടന്ന കൗൺസിലിൽ മേയറുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ ഉണ്ടാക്കി പെട്രോൾ കൊണ്ടുവന്ന് തീ കൊളുത്തി മേയറെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. കൗൺസിൽ ഹാൾ നശിപ്പിച്ചതിനും, ചേംബറിൽ അതിക്രമിച്ച കയറിയതിനും ഔദ്യോഗിക വാഹനം നശിപ്പിച്ചതിനും, പ്രധാനപ്പെട്ട ചില രേഖകൾ മേയറുടെ ചേംബറിൽ നിന്ന് നഷ്ടപ്പെട്ടതിനും കണ്ടാലറിയാവുന്ന 40 പേർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ചട്ടപ്രകാരവും കേസെടുത്തു.

കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയില്‍ മേയർക്കെതിരെയും കേസ്

മേയർ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. മേയർ എം കെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 308 , 324 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൗൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ ആയിരുന്നു പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപണം ഉന്നയിച്ചത്.

ചൊവ്വാഴ്ച മേയറുടെ ചേമ്പറിലും കൗൺസിൽ ഹാളിലുമായി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. മേയറുടെ ചേമ്പറിൽ അതിനാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. വൈകുന്നേരം നാല് മണിക്കാണ് കൗൺസിൽ യോ​ഗം ചേരാനിരുന്നത്. ഇതിനായി മേയർ സ്ഥലത്തെത്തി. ഈ സമയത്ത് കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി.

ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺ​ഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തപ്പോൾ‌ ഒരു കൗൺസിലർക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തടയുന്ന കൌൺസിലർമാരെ വകവയ്ക്കാതെ ഡ്രൈവറോട് കാറ് മുന്നോട്ടെടുക്കാൻ മേയർ ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

സംഭവത്തിന് പിന്നാലെ യുഡിഎഫ് കൗൺസിലർമാർ മേയറുടെ ചേമ്പറിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചിരുന്നു. മേയർ ഇവിടേക്ക് തിരിച്ചുവരണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു ഇവരുടെ പ്രധാന ആവശ്യം. കയ്യിലുള്ള കുപ്പികളിലുള്ളതുപോലെ കലക്കവെള്ളമാണ് 55 ഡിവിഷനുകളിലും കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button