കൊച്ചി: സിനിമകളിൽ ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികൾ പോലും കുട്ടികളുടെ സിനിമകളാണ് ഇഷ്ടപ്പെട്ടിരുന്നത് എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. കൊച്ചി ജെയിൻ സർവ്വകലാശാലയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ൽ ‘ദ അനാട്ടമി ഓഫ് എ സ്ക്രീൻപ്ലേ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമകളിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും മുരളി ഗോപി വിശദീകരിച്ചു. ‘കമ്മാരസംഭവം’, ‘തീർപ്പ്’ തുടങ്ങിയ ചിത്രങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ യാദൃശ്ചികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമയുടെ ഓരോ തലത്തിലും കൃത്യമായ ആസൂത്രണം ആവശ്യമാണെന്നും, ഉപരിപ്ലവമായ കാര്യങ്ങൾക്കപ്പുറം ഓരോ കഥാപാത്രവും സ്വാഭാവികമായി പരിണമിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചുറ്റുമുള്ളവരിലും തന്നിലും താൻ കാണുന്ന ‘ഗ്രേ’ ഷേഡുകളാണ് തന്റെ കഥാപാത്രങ്ങൾക്കുള്ളതെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.
ഭരണകൂടം സെൻസർ ചെയ്ത് ഭയപ്പെടുത്താൻ ശ്രമിക്കുമ്പോൾ അത് വ്യക്തിപരമായി ബാധിക്കാറുണ്ടോയെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച മുരളി ഗോപി, ഭയം തോന്നിയാൽ സർഗ്ഗാത്മകത അവസാനിക്കുമെന്നും പിന്നീട് എഴുതാൻ കഴിയില്ലെന്നും പറഞ്ഞു. വരുന്നിടത്തുവെച്ച് കാണാം എന്ന് തീരുമാനിക്കുകയേ വഴിയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ എപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുന്നതാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മുരളി ഗോപി പറഞ്ഞു. അത് ഒരു പരിമിത വിഭാഗത്തിന് വേണ്ടിയായാലും വലിയ ജനക്കൂട്ടത്തിന് വേണ്ടിയായാലും, തിയേറ്ററിൽ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണമാണ് താൻ ഏറ്റവും ആസ്വദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നൊസ്റ്റാൾജിയയും പഴയകാല ക്രാഫ്റ്റും പുതിയ രീതിയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
Renowned screenwriter and actor Murali Gopy stated that he does not believe cinematic depictions of crime influence society to commit violence. To support his stance, he pointed out the historical fact that even some of the world’s most brutal dictators preferred watching children’s films. He shared these insights while speaking on ‘The Anatomy of a Screenplay’ at Jain University’s ‘Summit of Future’ in Kochi.


