കേരളത്തില്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നത് ആയിരത്തില്‍ അധികം പേരാണ്, എന്നാലും ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര ശ്രദ്ധ ഇല്ലെന്നു ഐക്യരാഷ്ട്ര സംഘടന ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി. റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. തൊടുപുഴ മലങ്കര ഡാമില്‍ ചലച്ചിത്രതാരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ച പശ്ചാത്തലത്തിലാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്. മുങ്ങി മരണങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറയുന്നു. കേരളത്തില്‍ സമഗ്ര ജലസുരക്ഷാ പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തുമ്മാരുകുടി തന്റെ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറുപ്പ്
സിനിമ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു എന്ന വാര്‍ത്ത വായിച്ചു. എത്ര സങ്കടകരമായ വാര്‍ത്ത.
ഈ വര്‍ഷത്തെ ആദ്യത്തെ മുങ്ങി മരണം അല്ല, അവസാനത്തേതും ആവില്ല.
ഒരു വര്‍ഷം കേരളത്തില്‍ എത്ര പേര്‍ മുങ്ങി മരിക്കുന്നുണ്ട് ??
മിക്കവാറും ആഴ്ചയില്‍ ഒന്നോ രണ്ടോ ആളുകള്‍ മുങ്ങി മരിക്കുന്നതായി നമ്മള്‍ വാര്‍ത്ത വായിക്കും. ചിലപ്പോഴെങ്കിലും ഒന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു മരിക്കുന്നതായിട്ടും. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ബോട്ടപകടത്തില്‍ പത്തിലധികം പേര്‍ ഒരുമിച്ചു മരിക്കുന്ന അപകടം ഉണ്ടാകും. ഇതാണ് സാധാരണ രീതി.
അതുകൊണ്ട് തന്നെ കേരളത്തില്‍ ശരാശരി ഒരു വര്‍ഷം ഇരുന്നൂറ് പേരെങ്കിലും മുങ്ങി മരിക്കുന്നുണ്ടാകും എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കൃത്യമായി കണക്ക് ഒരിക്കലും കിട്ടിയിരുന്നില്ല.
അങ്ങനെയിരിക്കുമ്പോള്‍ ആണ് ഞാന്‍ ശ്രീ ജേക്കബ് പുന്നൂസ് സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഡി ജി പി ആയിരിക്കുന്ന കാലം. ഞാന്‍ ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു.
”മുരളി ചോദിച്ചത് നന്നായി. എല്ലാ വര്‍ഷവും എനിക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബറോയില്‍ നിന്നും ഒരു റിപ്പോര്‍ട്ട് വരും ‘
Accidental deaths and suicides in India’ എന്നാണിതിന്റെ പേര്. അതില്‍ മുങ്ങി മരണത്തിന്റെ കണക്ക് ഉണ്ട്.
അതിന്റെ ഒരു കോപ്പി എടുത്ത് സാര്‍ എനിക്ക് തന്നു. അത് വായിച്ച ഞാന്‍ ഞെട്ടി.
കേരളത്തില്‍ ഒരു വര്‍ഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം ഇരുന്നൂറും മുന്നൂറുമൊന്നുമല്ല. ആയിരത്തില്‍ അധികമാണ്. പക്ഷെ മുങ്ങി മരണങ്ങള്‍ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാല്‍ ലോക്കല്‍ വര്‍ത്തകള്‍ക്കപ്പുറം അത് പോകാറില്ല. അതുകൊണ്ടാണ് ഇത്രമാത്രം മരണങ്ങള്‍ ഉണ്ടാകുന്നത് നമ്മള്‍ ശ്രദ്ധിക്കാത്തത്.
ഉദാഹരണത്തിന് രണ്ടായിരത്തി പത്തൊമ്പതില്‍ കേരളത്തില്‍ ആയിരത്തി നാനൂറ്റി അന്‍പത്തി രണ്ടു സംഭവങ്ങളില്‍ ആയി ആയിരത്തി നാനൂറ്റി തൊണ്ണൂറു പേരാണ് മുങ്ങി മരിച്ചത്.
റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്.
ഒരു ദിവസം ശരാശരി മൂന്നില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മുങ്ങി മരിക്കുന്നുണ്ട്.
രണ്ടായിരത്തി നാലിലെ സുനാമിയില്‍ കേരളത്തില്‍ മൊത്തം മരിച്ചത് നൂറ്റി എഴുപത്തി നാല് പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തില്‍ ഒരു സുനാമിയുടെ അത്രയും ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്.
ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍, രണ്ടായിരത്തി പതിനെട്ടില്‍, മരിച്ചത് നാനൂറ്റി എണ്‍പത് പേരാണ്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തില്‍ മരിച്ചതില്‍ കൂടുതല്‍ ആളുകള്‍ മുങ്ങി മരിക്കുന്നുണ്ട്.
എന്നാലും ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര ശ്രദ്ധ ഇല്ല.
റോഡപകടത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ സുരക്ഷക്ക് കമ്മിറ്റികള്‍ ഉണ്ട്, ഫണ്ട് ഉണ്ട്, റോഡ് സേഫ്റ്റി വകുപ്പുണ്ട്, പ്രോഗ്രാമുകള്‍ ഉണ്ട്.
ഇതിന് ഒരു കാരണം ഉണ്ട്.
ഓരോ റോഡപകടത്തിന്റെ കാര്യത്തിലും ഒരു വാഹനം ഉണ്ട്, ഇന്‍ഷുറന്‍സ് ഉണ്ട്, അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദി ഉണ്ട്, പണം ഉണ്ട്, കേസ് ഉണ്ട്, കോടതി ഉണ്ട്. നഷ്ടപരിഹാരം ഉണ്ട്.
പക്ഷെ മുങ്ങിമരണത്തിന്റെ കാര്യത്തില്‍ ഇതൊന്നുമില്ല.
പ്രത്യേകം നിയമങ്ങള്‍ ഇല്ല
വകുപ്പില്ല
ഫണ്ടില്ല
കമ്മിറ്റികള്‍ ഇല്ല
ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല
കോടതിയില്ല
നഷ്ടപരിഹാരം ഇല്ല
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പല കാമ്പെയിനുകളും നടത്തുന്നുണ്ട്. നീന്തല്‍ പഠിപ്പിക്കാനുളള ശ്രമങ്ങള്‍ ഒറ്റപ്പെട്ടു നടക്കുന്നുമുണ്ട്. പക്ഷെ കൂടുതല്‍ സമഗ്രമായ ഒരു ജലസുരക്ഷാപദ്ധതി വരുന്നത് വരെ, ജനങ്ങളില്‍ ജലസുരക്ഷാബോധം ഉണ്ടാകുന്നത് വരെ
മുങ്ങി മരണങ്ങള്‍ തുടരും.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി