കൊച്ചി: മൂന്നാർമേഖലയിലെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് പോലീസും വിജിലൻസും രജിസ്റ്റർചെയ്ത കേസുകളിൽ നടപടി വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അന്വേഷണം സി.ബി.ഐ.ക്ക് വിടേണ്ടിവരുമെന്നും അഭിപ്രായപ്പെട്ടു.
കൈയേറ്റവുമായി ബന്ധപ്പെട്ട് കോടതിയിൽ സർക്കാർ പരാജയപ്പെട്ട കേസുകളുടെ വിവരങ്ങൾ അറിയിക്കാൻ നിർദേശിച്ച കോടതി വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും. സി.ബി.ഐ. അന്വേഷണത്തിന്റെ കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
മൂന്നാർമേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം ഫയൽചെയ്ത ഹർജികളാണ് പരിഗണനയിലുള്ളത്. കൈയേറ്റവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ ഗൂഢാലോചന, കള്ളയാധാരമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾമാത്രമാണ് ചുമത്തിയിരിക്കുന്നത്. അഴിമതിനിരോധന നിയമപ്രകാരമുള്ള വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പലകേസുകളിലും അന്തിമറിപ്പോർട്ട് നൽകാൻ വർഷങ്ങളുടെ കാലതാമസം ഉണ്ടായി. കേസുകൾ കോടതികളിൽ പരാജയപ്പെട്ടപ്പോൾ അപ്പീൽ നൽകാനും തയ്യാറായിട്ടില്ല. പ്രധാന പ്രതിയെന്ന് പറയുന്നവർക്കെതിരേപ്പോലും ശക്തമായ നടപടി സ്വീകരിച്ചില്ല. കേസിൽ പങ്കാളിയായ ഉദ്യോഗസ്ഥർ സാമ്പത്തികനേട്ടം ഉണ്ടാക്കിയോ എന്നകാര്യത്തിലും അന്വേഷണം നടത്തിയിട്ടില്ല.
ഈ സാഹചര്യത്തിൽ സംസ്ഥാന ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയാൽ സത്യം കണ്ടെത്താനാകില്ലെന്നും അന്വേഷണം സി.ബി.ഐ.ക്ക് വിടേണ്ടിവരുമെന്നുമാണ് കോടതി പറഞ്ഞത്.