കൊച്ചി:തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളിൽ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എൽഡിഎഫ്. 86 മുനിസിപ്പാലിറ്റികളിലും 6 കോർപ്പേറഷനുകളിലുമാണ് ഇന്ന് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 48 ഇടത്ത് എൽഡിഎഫും 42 ഇടത്ത് യുഡിഎഫും രണ്ടിടത്ത് ബിജെപിയും അധ്യക്ഷസ്ഥാനങ്ങൾ നേടി.
43 മുനിസിപ്പാലിറ്റികളിലും അഞ്ച് കോർപ്പറേഷനുകളിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. യുഡിഎഫ് 41 മുനിസിപ്പാലിറ്റിയിലും ഒരു കോർപ്പറേഷനിലും അധ്യക്ഷസ്ഥാനം നേടി. ബിജെപിക്ക് രണ്ട് മുനിസിപ്പാലിറ്റി അധ്യക്ഷസ്ഥാനങ്ങളാണ് ലഭിച്ചത്. പാലക്കാടും പന്തളവും.
ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന മൂന്ന് നഗരസഭകളിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. പരവൂർ, കോട്ടയം, കളമശ്ശേരി എന്നിവിടങ്ങളിലാണ് നറുക്കെടുപ്പ് നടന്നത്. കളമശ്ശേരിയിൽ ഒരു വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ഇവിടത്തെ ഫലം പിന്നീട് ഭരണത്തിൽ നിർണായകമാകും. കണ്ണൂർ മട്ടന്നൂർ നഗരസഭയിലും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇവിടെ നിലവിൽ എൽഡിഎഫ് ഭരണസമിതിയാണുള്ളത്.
തിരുവനന്തപുരത്ത് കോർപ്പറേഷനിലും നാല് നഗരസഭകളിലും എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന് ഒരിടത്തും വിജയിക്കാനായില്ല.
LDF – തിരു. കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ.
കൊല്ലത്ത് കോർപ്പറേഷനടക്കം അഞ്ചിൽ നാല് അധ്യക്ഷസ്ഥാനവും എൽഡിഎഫ് നേടി. പരവൂരിൽ നറുക്കെടുപ്പിലൂടെ ലഭിച്ച അധ്യക്ഷസ്ഥാനം മാത്രമാണ് യുഡിഎഫിന് ജില്ലയിൽ ഉള്ളത്. ഇവിടെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എൽഡിഎഫ് വിജയിച്ചു.
LDF – കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ നഗരസഭകൾ.
UDF – പരവൂർ.
പത്തനംതിട്ടയിൽ ആകെയുള്ള നാല് നഗരസഭകളിൽ രണ്ടിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎഫും ബിജെപിയും ഓരോ അധ്യക്ഷസ്ഥാനം നേടി.
LDF – അടൂർ, പത്തനംതിട്ട.
UDF – തിരുവല്ല.
NDA – പന്തളം.
ആലപ്പുഴയിലെ ആറ് നഗരസഭകളിൽ മൂന്നിടത്ത് വീതം എൽഡിഎഫും യുഡിഎഫും വിജയിച്ചു.
LDF – ആലപ്പുഴ, ചേർത്തല, കായംകുളം.
UDF – ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര.
കോട്ടയത്ത് അഞ്ച് നഗരസഭകളിൽ യുഡിഎഫിനും ഒരിടത്ത് എൽഡിഎഫിനും അധ്യക്ഷസ്ഥാനം ലഭിച്ചു. കോട്ടയം നഗരസഭയിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് സ്ഥാനാർഥിക്ക് വിജയിക്കാനായത്.
LDF – പാലാ.
UDF – ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം, വൈക്കം, ഈരാറ്റുപേട്ട.
ഇടുക്കിയിൽ ഒരിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു.
LDF – തൊടുപുഴ.
UDF – കട്ടപ്പന.
എറണാകുളത്ത് മേയർ സ്ഥാനമടക്കം ആറിടത്ത് എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് എട്ടിടത്ത് വിജയിച്ചു. ഇതിൽ കളമശ്ശേരിയിൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്.
LDF – കൊച്ചി കോർപ്പറേഷൻ, ഏലൂർ, തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, കോതമംഗലം, പിറവം.
UDF – പറവൂർ, ആലുവ, അങ്കമാലി, തൃക്കാക്കര, മൂവാറ്റുപുഴ, പെരുമ്പാവൂർ, കളമശ്ശേരി, മരട്.
തൃശ്ശൂരിൽ കോർപ്പറേഷൻ അധ്യക്ഷസ്ഥാനമടക്കം ആറിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടത്താണ് യുഡിഎഫിന് വിജയിക്കാനായത്.
LDF – തൃശ്ശൂർ കോർപ്പറേഷൻ, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി.
UDF – ചാലക്കുടി, ഇരിങ്ങാലക്കുട.
പാലക്കാട് അഞ്ചിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ യുഡിഎഫിനും ബിജെപിക്കും ഓരോ നഗരസഭ അധ്യക്ഷസ്ഥാനം വീതം ലഭിച്ചു.
LDF – ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി, പട്ടാമ്പി, ചിറ്റൂർ തത്തമംഗലം.
UDF – മണ്ണാർക്കാട്.
NDA – പാലക്കാട്.
മലപ്പുറത്ത് മൂന്നിടങ്ങളിൽ എൽഡിഎഫും ഒമ്പതിടത്ത് യുഡിഎഫും വിജയിച്ചു.
LDF – പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ.
UDF – മലപ്പുറം, കൊണ്ടോട്ടി, കോട്ടയ്‌ക്കൽ, മഞ്ചേരി, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി, വളാഞ്ചേരി.
കോഴിക്കോട് കോർപ്പറേഷനിലടക്കം നാലിടത്താണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. നാലിടത്ത് യുഡിഎഫ് വിജയിച്ചു.
LDF – കോഴിക്കോട് കോർപ്പറേഷൻ, മുക്കം, കൊയിലാണ്ടി, വടകര.
UDF – ഫറോക്ക്, കൊടുവള്ളി, പയ്യോളി, രാമനാട്ടുകര.
വയനാട്ടിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു.
LDF – സുൽത്താൻ ബത്തേരി.
UDF – കൽപ്പറ്റ, മാനന്തവാടി.
കണ്ണൂരിൽ അഞ്ചിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും അധ്യക്ഷസ്ഥാനങ്ങൾ നേടി. മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇവിടെ നിലവിൽ എൽഡിഎഫ് ആണ് ഭരിക്കുന്നത്.
LDF – ആന്തൂർ, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂർ.
UDF – കണ്ണൂർ കോർപ്പറേഷൻ, പാനൂർ, ശ്രീകണ്‌ഠാപുരം, തളിപ്പറമ്പ്.
കാസർകോട് രണ്ട് നഗരസഭകളിൽ എൽഡിഎഫും ഒരിടത്ത് യുഡിഎഫും അധ്യക്ഷസ്ഥാനങ്ങൾ നേടി.
LDF – കാഞ്ഞങ്ങാട്, നീലേശ്വരം.
UDF – കാസർകോട്.