മുനമ്പം ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത് 2019 ൽ ; 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് വഖഫ് ട്രൈബ്യൂണലിന്റെ നിർണായക നിരീക്ഷണം; ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി;മുനമ്പത്ത് അപ്രതീക്ഷിത ട്വിസ്റ്റുകൾ

കൊച്ചി: മുനമ്പം കേസില്‍ വഖഫ് ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പറവൂര്‍ സബ് കോടതിയില്‍നിന്ന് രേഖകള്‍ വിളിച്ചുവരുത്തണമെന്ന ഹര്‍ജി തള്ളിയതിനെതിരായാണ് അപ്പീല്‍. കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല. വഖഫ് ട്രൈബ്യൂണലിന്റെ അപ്പീല്‍ ഹൈക്കോടതി മെയ് 26ന് പരിഗണിക്കും.

മുനമ്പം വഖഫ് കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ വാദം തുടരുകയാണ്. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിന്റെ ഉത്തരവാണ് ട്രൈബ്യൂണല്‍ പരിശോധിച്ചത്. ഭൂമി വഖഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ വഖഫ് ട്രൈബ്യൂണല്‍ പരിശോധിക്കും.

മുനമ്പത്തെ വഖഫ് ഭൂമി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ വഖഫ് ട്രൈബ്യൂണല്‍ സുപ്രധാന നിരീക്ഷണം നടത്തി. വില്‍പന വിലക്ക് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്കല്ലേയെന്ന് ട്രൈബ്യൂണല്‍ ആരാഞ്ഞു. 1950ല്‍ സിദ്ദിഖ് സേഠ് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖഫ് ബോര്‍ഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് ചെയ്താല്‍ ഭൂമി മൂന്നുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിലവിലെ ചട്ടം. 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കേസില്‍ 1994ലെ വഖഫ് ഭേദഗതി നിയമം കൂടി ട്രൈബ്യൂണല്‍ വിശദമായി പരിശോധിക്കും.

1971ലെ പറവൂര്‍ സബ്കോടതിയിലെ നടപടികളാണ് വാദമുഖങ്ങള്‍ സ്ഥാപിയ്ക്കുന്നതിനായി വഖഫ് ബോര്‍ഡ് ആശ്രയിച്ചത്. അന്നത്തെ സത്യവാങ്മൂലത്തില്‍ ഭുമി വഖഫ് ആണെന്ന് ഫറൂഖ് കോളേജ് വ്യക്തമാക്കിയതാണെന്നാണ് വഖഫ് ബോര്‍ഡിന്റ വാദം. ഈ രേഖ വിളിച്ചുവരുത്തണമെന്ന ആവശ്യം ആദ്യം തള്ളിയ ട്രൈബ്യൂണല്‍ ആ കോടതി നടപടികള്‍ അപ്രസക്തമാണെന്നാണ് അഭിപ്രായപ്പെട്ടു. ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ടുള്ള കേസായതുകൊണ്ട് ഭൂമി വഖഫ് ആണോ എന്ന് ഇതില്‍ നിന്ന് വ്യക്തമാകില്ലെന്ന് ട്രൈബ്യൂണല്‍ നീരീക്ഷിച്ചു.

1988ല്‍ 74 പേര്‍ക്കും 1990ല്‍ 151 പേര്‍ക്കും ഉള്‍പ്പെടെ ആകെ 225 പേര്‍ക്ക് ഭൂമി വിറ്റിരുന്നതായി ഫാറൂഖ് കോളജ് അറിയിച്ചു. ബാക്കി ഭൂമി അളവ് അന്വേഷിച്ച് അറിയിക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 21ന് കേസിന്റെ വാദം പുനരാരഭിക്കും.

മുനമ്പത്തെ ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് സമ്മതിക്കുന്ന സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. 1970ല്‍ പറവൂര്‍ സബ്‌കോടതിയില്‍ ഫാറൂഖ് കോളജ് സമര്‍പ്പിച്ച രേഖയാണ് പുറത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News