മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല;ആളുകളെ കുടിയൊഴിപ്പിക്കാൻ പാടില്ല- മുസ്‌ലിം ലീഗ്

മലപ്പുറം: മുനമ്പം വഖഫ് ഭൂമിയുടെ പേരില്‍ ആളുകളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മുസ്‌ലിം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പ്രശ്‌നം രമ്യമായി പരിഹരിക്കണം. അതിന് സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. അതാണ് മുസ്‌ലിംലീഗിന്റെ നിലപാട്. അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.

അതേസമയം മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുസ്‌ലിംസംഘടനകള്‍ക്കും ലീഗിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം സംബന്ധിച്ച് ചര്‍ച്ചകളിലേക്ക് പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പറഞ്ഞാലും ഇല്ലെങ്കിലും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ.എം.ഷാജിയുടെ പ്രതികരണത്തേയും ലീഗ് നേതൃത്വം തള്ളി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യപ്രതികരണത്തിലേക്ക് പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് അതില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News