മുംബൈ: അപകടകരമായരീതിയില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ മൂന്നുപേര്‍ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപെണ്‍കുട്ടികള്‍ക്ക് എതിരേയുമാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.
മുന്‍പിലും പിറകിലും പെണ്‍കുട്ടികളെ ഇരുത്തിയാണ് യുവാവ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ഇവരാരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി മൂന്നുപേരും അപകടകരമായരീതിയില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പറും വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബൈക്കിലുണ്ടായിരുന്ന മൂന്നുപേര്‍ക്കെതിരേയും മുംബൈ പോലീസ് കേസെടുത്തത്.
ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയവര്‍ക്ക് പിഴയൊടുക്കി മാത്രം രക്ഷപ്പെടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ആര്‍ക്കെങ്കിലും ഈ മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുമെങ്കില്‍ നേരിട്ട് സന്ദേശം അയക്കാനും മുംബൈ ട്രാഫിക് പോലീസ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.