30 C
Kottayam
Friday, May 17, 2024

അച്ഛനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തി, അമ്മയെ ഗുരുതരമായി പരിക്കേൽപ്പിച്ചു; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Must read

തൃശ്ശൂർ: ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക്  ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. അച്ഛനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് ഇരട്ട ജീവപര്യന്തവും 3 കൊല്ലം കഠിന തടവും 1,60,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചു. തളിക്കുളം എടശ്ശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടില്‍ ഷഫീഖിനെയാണ് തൃശൂര്‍ ജില്ലാ അഡീഷണൽ കോടതി ശിക്ഷിച്ചത്.

ഷഫീഖിന് 32 വയസാണ് പ്രായം. പ്രതി ഐപിസി 302, 326 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് ജഡ്ജ് പിഎൻ വിനോദ് വിധിച്ചു. 2019 ഡിസംബർ 27 നാണ് കേസിനാസ്പദമായ  സംഭവം നടന്നത്. ഭാര്യയോടൊത്ത് മാറി താമസിച്ചിരുന്ന ഷഫീഖ് സംഭവ ദിവസം അച്ഛന്റെ വീട്ടിലെത്തി സ്വത്ത് തർക്കം ഉണ്ടാക്കി. രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു. ഇത് തടഞ്ഞ പിതാവ് ജമാലുദ്ദീനെയും മാതാവ് ഫാത്തിമയെയും ഷഫീഖ് അതി ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പിതാവിനെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. പിന്നീട് തീയിലേക്ക് വലിച്ചിട്ടു. 

ഇതു കണ്ട് മാതാവ് ബോധരഹിതയായി. നിലവിളി കേട്ട് ഓടി വന്ന് തടഞ്ഞ മാതാവിന്റെ സഹോദരി ഖദീജയെയും പ്രതി മർദ്ദിച്ചു. ഇവരെയും തലയിൽ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തി. പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു വരികയായിരുന്ന ആളുകൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു. പിന്നീട് പൊലീസിൽ വിവരമറിയിച്ചു. 

വാടാനപ്പിള്ളി പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കാതെ വിചാരണ നടത്തി. പ്രതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒൻപത് സാക്ഷികളെ പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം വിസ്തരിച്ചിരുന്നു. എന്നാൽ പ്രതി മാതാപിതാക്കളോടുള്ള വൈരാഗ്യം മൂലമാണ് ക്രൂര കൃത്യം ചെയ്തെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്ക് ഉടമയായ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week